കുടുംബശ്രീ ഫണ്ട് വ്യാജ ഒപ്പിട്ട് കൈപ്പറ്റിയ സംഭവം; വാര്‍ഡ് മെമ്പറെ സിപിഎം പുറത്താക്കി
കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി
എടക്കാട്: കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് തെക്കേ കുന്നുമ്പ്രംആറാം വാര്‍ഡ് മെമ്പര്‍ കെ പി രാജാമണിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബുധനാഴ്ച്ച രാത്രിയാണ് ഇതുസംബസമായ അറിയിപ്പ് ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നുണ്ടായത്.
പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തും വിധം പ്രവര്‍ത്തിച്ചതിനാല്‍ രാജാമണിയെ പുറത്താക്കുന്നുവെന്നാണ് ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നറിയിച്ചത്. പഞ്ചായത്തിലെ ആറാം വാര്‍ഡ് നവജ്യോതി കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ പഞ്ചായത്ത് മെമ്പര്‍ രാജാമണി വ്യാജ ഒപ്പിട്ട് അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം ഉയരുകയും ഇതു സംബന്ധമായി എടക്കാട് പോലിസില്‍ പരാതി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
തീരദേശ മേഖലയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്ക് അനുവദിച്ച തുകയാണ് കുടുംബശ്രീ അംഗങ്ങള്‍ അറിയാതെ വാര്‍ഡ് മെമ്പര്‍ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയത്. എടക്കാട് പോലിസിലും വിജിലന്‍സിലും നവജ്യോതി കുടുംബശ്രീ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്ഡിപിഐയും, യുഡിഎഫും രാജാമണിയുടെ രാജി ആവശ്യപ്പെട്ട് മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച മാര്‍ച്ച് നടത്തിയിരുന്നു.