സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണം; അമിത് ഷാ പറഞ്ഞതില്‍ കെ സുരേന്ദ്രനും 'വിവരമില്ല'
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ച് അമിത്ഷാ പറഞ്ഞതു സംബന്ധിച്ച് അറിയില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ സ്വര്‍ണ്ണക്കടത്തു കേസിലെ ദുരൂഹമരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ഉന്നയിച്ചത്. ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 'ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ' എന്നായിരുന്നു അതിലെ ഒരു ചോദ്യം.
എന്നാല്‍ ഏത് ദുരുഹമരണമാണ് ഈ കേസുമായി ബന്ധപ്പെട്ടുള്ളത് എന്ന് വ്യക്തമായിരുന്നില്ല. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് തനിക്കും ഇതിനെ കുറിച്ച് അറിയില്ലെന്നും അമിത് ഷായോട് തന്നെ ചോദിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞത്.