സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് വെന്റിലേറ്ററില്‍ : വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് വിജയ് ബാബു
സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ ഷാനവാസ് മരിച്ചതായി പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഷാനവാസ് മരണപ്പെട്ടതായി മാധ്യമങ്ങളും വാര്‍ത്ത നല്‍കി. പിന്നീട് ഫെഫ്ക പേജില്‍നിന്ന് എഫ്ബി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു
കൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ കെജി ആശുപത്രിയിലാണെന്നും അദ്ദേഹത്തെ കുറിച്ച് തെറ്റായ മറ്റു വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നടനും നിര്‍മാതാവുമായ വിജയ് ബാബു. ഷാനവാസ് സംവിധാനം ചെയ്ത 'സുഫിയും സുജാതയും' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഹൃദയമിടിപ്പ് ഉണ്ട്. ദയവായി പ്രാര്‍ഥിക്കുക, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു കുറിപ്പില്‍ പറഞ്ഞു.
സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ ഷാനവാസ് മരിച്ചതായി പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഷാനവാസ് മരണപ്പെട്ടതായി മാധ്യമങ്ങളും വാര്‍ത്ത നല്‍കി. പിന്നീട് ഫെഫ്ക പേജില്‍നിന്ന് എഫ്ബി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസ് എഡിറ്ററായാണ് സിനിമാ ലോകത്ത് സജീവമായത്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ 'സൂഫിയും സുജാത' വന്‍ വിജയമായിരുന്നു.