നര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ ന്യായീകരിച്ച മന്ത്രി വാസവനെതിരെ പ്രസ്താവനയുമായി കോട്ടയത്തെ 51 മഹല്ല് കമ്മറ്റികള്‍

Update: 2021-09-19 14:24 GMT
നര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ ന്യായീകരിച്ച മന്ത്രി വാസവനെതിരെ പ്രസ്താവനയുമായി കോട്ടയത്തെ 51 മഹല്ല് കമ്മറ്റികള്‍

കോട്ടയം: മദ്യവും മയക്കുമരുന്നും നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ് ലിംകള്‍ മതംമാറ്റുകയാണെന്ന് ആരോപിച്ച പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഭീകരവാദികളാണെന്നും പ്രസ്താവനയിറക്കിയ മന്ത്രി വി എന്‍ വാസവനെതിരേ കോട്ടയത്തെ മഹല്ല് കമ്മറ്റികള്‍. 51 മഹല്ല് കമ്മറ്റികളുടെ താലൂക്ക് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വിദ്വേഷ പ്രചാരണത്തെ എതിര്‍ക്കുന്നവരെ അപമാനിക്കുന്ന മന്ത്രി വാസവന്‍ മുസ് ലിം സമൂഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളം എമ്പാടും സൗഹൃദത്തിനായി കാത്തിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും സമവായ ശ്രമങ്ങളുടെ ആവശ്യമില്ലെന്നും പറയുന്ന മന്ത്രി സമുദായിക ധ്രുവീകരണത്തില്‍ നിന്ന് ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ചോര കുടിക്കുന്ന ചെന്നായേക്കാള്‍ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ചില ബിജെപി നേതാക്കള്‍ അടക്കം പക്വമായ ഭാഷയില്‍ പ്രതികരിക്കുകയും സൗഹാദ്ദത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തപ്പോഴാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത്. ഇത് ആസൂത്രിതമാണ്. കാംപസുകളില്‍ മുസ് ലിം പെണ്‍കുട്ടികളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ ഉണ്ടെന്ന സിപിഎം പ്രസ്താവന, പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുളള സിപിഎം നിലപാട് എന്നിവ ബിജെപിയെപ്പോലെ അപകരമായ ഒരു രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നതെന്നതിന് തെളിവാണെന്ന് പ്രസ്താവന പറയുന്നു. 

Tags:    

Similar News