നര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം; വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസെടുക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
ഇലക്ഷന്‍ കാലയളവില്‍ ഇടതുപക്ഷ നേതാക്കള്‍ സ്വീകരിച്ച വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതു പോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍
തിരുവനന്തപുരം: ലൗ ജിഹാദ്, നര്‍കോട്ടിക്ക് ജിഹാദ് പോലുള്ള വര്‍ഗീയ പരാമര്‍ശം നിറഞ്ഞ പ്രയോഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന പ്രയോഗമാണ് പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതും സംഘ്പരിവാര്‍ അജണ്ടക്ക് സഹായകരവുമായ ആരോപണങ്ങള്‍ മുസ്‌ലിം സമൂഹത്തിനു നേരെ നടക്കുമ്പോള്‍ മുഖ്യമന്ത്രി കേവലം ഉപദേശങ്ങള്‍ കൊണ്ട് അതിനെ മറികടക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. മുസ്‌ലിം സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിലനിര്‍ത്തുന്നതും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിനും സംഘ്പരിവാര്‍ നടത്തുന്ന ആസൂത്രിതമായ ശ്രമങ്ങളെ ചെറുക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുക എന്നുള്ളത് സംഘ്പരിവാറിന്റെ അജണ്ടയില്‍ പെട്ടതാണ്. അത്തരം അജണ്ടകള്‍ ക്രിസ്ത്യന്‍ സഭകളും സംഘടനകളും മതമേലധ്യക്ഷന്മാരും ഏറ്റെടുത്തു നിര്‍വഹിക്കുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്.
സംഘ്പരിവാര്‍ താല്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ സഹായകരമാകുന്നത്. തികച്ചും അവാസ്തവമായതും തെളിവുകള്‍ ഇല്ലാത്തതുമായ ഇത്തരം ആരോപണങ്ങളെ തടയുന്ന തരത്തില്‍ നടപടി സ്വീകരിക്കുവാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇലക്ഷന്‍ കാലയളവില്‍ ഇടതുപക്ഷ നേതാക്കള്‍ സ്വീകരിച്ച വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതു പോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. സംഘ്പരിവാറിന് ഇനിയും രാഷ്ട്രീയമായി കീഴ്‌പ്പെട്ടിട്ടില്ലാത്ത സംസ്ഥാനത്ത് ഹിന്ദുത്വവര്‍ഗീയതയിലേക്ക് വഴിമരുന്ന് ഇട്ടു കൊടുക്കുന്ന ഇത്തരം സമീപനത്തിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.