'കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദെന്ന്'; കടുത്ത മുസ്‌ലിംവിരുദ്ധ പരാമര്‍ശവുമായി പാലാ ബിഷപ്പ്
പി സി അബ്ദുല്ല
കോട്ടയം: കടുത്ത മുസ്‌ലിംവിരുദ്ധ പരാമര്‍ശവുമായി പാലാ ബിഷപ്പ്. അമുസ്‌ലിംകളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കാന്‍ ജിഹാദികള്‍ ശ്രമിക്കുന്നു എന്നാണ് പുതിയ ആരോപണം. മുസ്‌ലിം സമുദായത്തിനെതിരെ പരസ്യമായി വിദ്വേഷം പരത്തുന്നതാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശങ്ങള്‍.
കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക് ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്നാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ബിഷപ് പറയുന്നത്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ജിഹാദികള്‍ ഉപയോഗിക്കുന്നത്. ജ്യൂസ് കടകളും റസ്റ്റോറന്റുകളും ഹോസ്റ്റലുകളും മറയാക്കിയാണ് നാര്‍കോട്ടിക് ജിഹാദ് നടക്കുന്നത്. ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം. കത്തോലിക്കാ യുവാക്കളെയും ഹിന്ദുയുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ജിഹാദികള്‍ക്കുള്ളതെന്നും ബിഷപ് പറയുന്നു.
മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു.
ലോകത്തില്‍ നീതിയും സമാധാനവും ഇസ് ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ടെന്നും വീഡിയോയില്‍ പറയുന്നു.
വൈദികര്‍ ചമഞ്ഞ് വിശ്വാസികളെ കബളിപ്പിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘങ്ങള്‍ ഇടവകകള്‍ കേന്ദ്രീകരിച്ച് സജീവമാണെന്നും ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പാലാ ബിഷപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
സ്ഥലം മാറിപ്പോവുന്ന ചില വൈദികര്‍ നേരത്തെ ജോലി ചെയ്ത ഇടവകകളിലെ പെണ്‍കുട്ടികളുമായി ഫോണിലും മറ്റും സമ്പര്‍ക്കം തുടരുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതാണ് പാലാ ബിഷപ്പിന്റെ സര്‍ക്കുലറിനു പിന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സമാനമായി, പാലാ രൂപതയുടെ കീഴില്‍ യുവാതീയുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു എന്ന പരാതിയുമുണ്ട്.
സഭാ നേതൃത്വം 'ലൗജിഹാദ്' പോലുള്ള ഇല്ലാ വിവാദങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ ഇടവകകളില്‍ അരങ്ങേറുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോവുകയാണെന്ന് സഭക്കുള്ളിലെ തന്നെ ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത്തരം ആക്ഷേപങ്ങളെ കടുത്ത മുസ് ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ മറികടക്കാനാണ് പാലാ രുപതയുടെ നീക്കം.
വൈദികരുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ പരസ്യമായ മുന്നറിയിപ്പു നല്‍കാന്‍ പരിമിതിയുള്ളതിനാലാണ് വൈദികരുടെ പേരില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പാലാ രൂപത സര്‍ക്കുലര്‍ ഇറക്കിയത്. അതേവഴിയില്‍ 'ജിഹാദി' ആരോപണം മറയാക്കി യുവതീയുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് നീക്കമെന്നും വിലയിരുത്തപ്പെടുന്നു. സ്വസമുദായത്തിലെ അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാരക വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് കലാപമുണ്ടാക്കും വിധമാണ് പാലാ രൂപതയുടെ പോക്ക്.