നര്‍കോട്ടിക് ജിഹാദ്: മയക്കുമരുന്നിനെ, മയക്ക് മരുന്ന് എന്ന് തന്നെ പറഞ്ഞാല്‍ മതിയെന്ന് മാര്‍ ക്ലിമ്മീസ് ബാവ

സമസ്ത, ദക്ഷിണ കേരള ജംഇത്തുല്‍ ഉലമ, കാന്തപുരം എപി വിഭാഗം, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നു. പാലാ ബിഷപ്പ് വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയുകയോ, പറഞ്ഞത് പിന്‍വലിക്കുകയോ ചെയ്ത ശേഷം മതി ചര്‍ച്ച എന്ന തീരുമാനത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.

Update: 2021-09-20 14:30 GMT

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍, മയക്ക് മരുന്നിനെ മയക്ക് മരുന്ന് എന്ന് തന്നെ പറഞ്ഞാല്‍ മതിയെന്ന് മാര്‍ ക്ലീമിസ് ബാവ. മത-സാമുദായിക നേതാക്കളുടെ യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ തീരുമാനമെടുക്കാനല്ല യോഗം ചേര്‍ന്നത്. അദ്ദേഹം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ ഈ യോഗത്തിന് സാധിക്കില്ല. വിവാദം തീര്‍ക്കാന്‍ ഒരു ചര്‍ച്ച കൊണ്ട് മാത്രം കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം സംബന്ധിച്ച് ദീപിക ദിനപത്രത്തില്‍ വന്ന ലേഖനങ്ങള്‍ കതോലിക്കാ സഭയുടെ നിലപാടല്ല. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിനെ അറിയിച്ചു കൊണ്ടല്ല ഇന്നത്തെ യോഗം ചേര്‍ന്നതെന്നും ക്ലീമിസ് ബാവ മാധ്യമങ്ങളോട് പറഞ്ഞു.

ആരെയെങ്കിലും അപലപിക്കാനോ ന്യായീകരിക്കാനോ അല്ല ഈ യോഗം. ഇന്നത്തെ യോഗത്തില്‍ വരാതിരുന്നവര്‍ക്ക്് അവരുടേതായ കാരണമുണ്ടാകും. എന്നാല്‍, പാണക്കാട് നിന്ന്് വന്നവരെ കാണാതിരിക്കരുതെന്നും ബാവ അറിയിച്ചു.

മറ്റ് മതങ്ങളെ ബഹുമാനത്തോടെ കാണുന്ന സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതര മതങ്ങള്‍ക്ക് മുറിവേല്‍ക്കുന്നത് ഒഴിവാക്കണം. നാടിന്റെ മത സൗഹാര്‍ദം കാത്തു സൂക്ഷിക്കണം. കേരളത്തിന്റെ തനതായ സൗഹൃദം പുലരണമെന്നതാണ് ലക്ഷ്യം. സഹവര്‍ത്തിത്വവും സഹകരണവും ഉറപ്പാക്കാനാണ് ചര്‍ച്ച നടത്തിയത്. വിവിധ മതങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക ഫോറങ്ങള്‍ സജീവമാകണം. മത ആത്മീയ മേഖലയിലുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണം.

യോഗത്തിന് വിവിധ സംഘടനകളുടെ പ്രാതിനിത്യം പ്രധാനമാണ്. പെട്ടന്ന് യോഗം വിളിച്ച് ചേര്‍ത്തതിനാല്‍ എല്ലാവരെയും വിളിച്ച് ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ചങ്ങനാശ്ശേരി ബിഷപ്പ് അസൗകര്യം അറിയിച്ചിരുന്നുവെന്നും ബാവ അറിയിച്ചു.

മതത്തിന്റെ പേരില്‍ അന്യോന്യം സ്പര്‍ദ്ധ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമവായത്തിലൂടെ പരിഹാരം കാണണമെന്നാണ് ആഗ്രഹം. പ്രാദേശികമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്തി ഫോറം ഉണ്ടാക്കണമെന്നാണ് യോഗത്തിലെ നിര്‍ദേശം. ക്ലിമ്മീസ് ബാവ വിളിച്ച യോഗത്തിന് സമസ്തയുടെ പിന്തുണയുണ്ടെന്നും മുനവ്വറലി തങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ മുന്‍ കൈയെടുത്താണ് മത-സാമുദായിക നേതാക്കളുടെ യോഗം വിളിച്ചത്.

യോഗത്തില്‍ പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങള്‍(പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്), ഡോ.വിപി സുഹൈബ് മൗലവി(പാളയം ഇമാം, തിരുവനന്തപുരം), ഡോ.ഹുസൈന്‍ മടവൂര്‍(കെഎന്‍എം), അഷ്‌റഫ് കടയ്ക്കല്‍, ആര്‍ച്ച്ബിഷപ്പ് സൂസപാക്യം(ലാറ്റിന്‍ കാത്തലിക് ചര്‍ച്ച്, തിരുവനന്തപുരം), ബിഷപ്പ് എ ധര്‍മ്മരാജ് റസാലം(മോഡറേറ്റര്‍, സി.എസ്.ഐ. ചര്‍ച്ച്),

ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണാബാസ്, (സഫ്രഗന്‍ മെത്രാപ്പോലീത്ത, മാര്‍ത്തോമ സുറിയാനി സഭ), ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്(ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍), സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി(ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), സ്വാമി സൂഷ്മാനന്ദ(ശിവഗിരി മഠം) തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത, ദക്ഷിണ കേരള ജംഇത്തുല്‍ ഉലമ, കാന്തപുരം എപി വിഭാഗം, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നു. പാലാ ബിഷപ്പ് വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയുകയോ, പറഞ്ഞത് പിന്‍വലിക്കുകയോ ചെയ്ത ശേഷം മതി ചര്‍ച്ച എന്ന തീരുമാനത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.

Tags:    

Similar News