നരേന്ദ്ര മോദിക്ക് നിര്‍മിക്കാനറിയില്ല, വില്‍ക്കാനേ അറിയൂ; മോദിയെ പേരെടുത്തു പറയാതെ രാഹുലിന്റെ പരിഹാസം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കണ നയങ്ങളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി മോദിക്ക് നിര്‍മിക്കാന്‍ അറിയില്ലെന്നും വിറ്റഴിക്കാനേ അറിയൂ എന്നും രാഹുല്‍ പരിഹസിച്ചു. പ്രധാനമന്ത്രി പൊതുജനങ്ങളെ ദ്രോഹിക്കുകയും ചങ്ങാത്ത മുതലാളിത്തിന് ഒത്താശ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ക്ക് ദ്രോഹം വരുത്തിവയ്ക്കുന്നതും കോര്‍പറേറ്റുകള്‍ക്ക് മാത്രം ഗുണമുണ്ടാകുന്നതുമായ സ്വകാര്യവല്‍ക്കരണത്തിന് ഇന്ത്യന്‍ ജനത എതിരാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം മോദിയുടെ പേര് ട്വീറ്റില്‍ എടുത്ത് പറഞ്ഞിട്ടില്ല. പക്ഷേ, പ്രയോഗങ്ങളില്‍ നിന്ന് മോദിയെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണുതാനും. ഡല്‍ഹി, മുംബൈ, ബാംഗളൂര്‍, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പ്രതികരണം.
കോണ്‍ഗ്രസ്സും പലതും വിറ്റഴിച്ചിട്ടുണ്ടെങ്കിലും ലാഭമുണ്ടാക്കുന്ന കമ്പനികളെ വിറ്റഴിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിലേക്ക് പോകുന്നത് കുത്തകവല്‍ക്കരണത്തിന് കാരണമാവുമെന്ന് കോണ്‍ഗ്രസ്സും വിമര്‍ശിച്ചിരുന്നു.
ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരേ യൂനിയനുകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്് കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സര്‍ജേവാല പ്രസ്താനവ പുറപ്പെടുവിച്ചിരുന്നു.