ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ തപ്പിതടഞ്ഞ് നരേന്ദ്ര മോഡി: പരിഹസിച്ച് കോണ്‍ഗ്രസ്
ഏറെ പേര്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്തതോടെ ടെലിപ്രോംപ്റ്റര്‍ പിഎം (നോക്കിവായിക്കുന്ന പ്രധാനമന്ത്രി) എന്ന പദം ട്വിറ്ററില്‍ ട്രെന്‍ഡിങായി.
ന്യൂഡല്‍ഹി: വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ ഒണ്‍ലൈനായി പങ്കെടുത്ത് പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടെലിപ്രോംപ്റ്റര്‍ സംവിധാനം പ്രവര്‍ത്തനരഹിതമായി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ടെലിപ്രോംപ്റ്റര്‍ സംവിധാനം തടസ്സപ്പെട്ടതോടെ മിണ്ടാതെ നില്‍ക്കുകയും തപ്പിതടയുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് പരിഹസിച്ചു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ്സിന്റെ പരിഹാസം.
പ്രസംഗത്തിനിടെ ടെലിപ്രോപ്റ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ സംസാരിക്കാന്‍ ബുദ്ധിമുട്ടിലായ മോഡി, മിണ്ടാതെ നില്‍ക്കുകയും സഹായികളെ ഇടംകണ്ണിട്ട് നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ചര്‍ച്ചയുടെ മോഡറേറ്ററോട് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നൊക്കെ ആരായുന്നുണ്ട് പ്രധാനമന്ത്രി. വ്യക്തമായി കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് മേഡറേറ്റര്‍ പറയുന്നുണ്ടെങ്കിലും പ്രസംഗം തുടരാന്‍ സാധിക്കാതെ മോഡി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഏറെ പേര്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്തതോടെ ടെലിപ്രോംപ്റ്റര്‍ പിഎം (നോക്കിവായിക്കുന്ന പ്രധാനമന്ത്രി) എന്ന പദം ട്വിറ്ററില്‍ ട്രെന്‍ഡിങായി. വീഡിയോ പ്രചരിച്ചതോടെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചിലര്‍ക്ക് ജോലി നഷ്ടപ്പെടും, പാവപ്പെട്ട ടെക്‌നീഷ്യന്മാര്‍ക്ക് എതിരേ യുഎപിഎയോ രാജ്യദ്രോഹക്കുറ്റമോ ചുമത്തുമോ, ഇന്നത്തെ സംഭവത്തിന് വല്ല ഖലിസ്ഥാനി ബന്ധവുമുണ്ടോ എന്ന് അന്വേഷിക്കണം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ കമന്റുകള്‍.
അതേസമയം, 'യേ ദില്‍ ഹേ മുഷ്‌കില്‍' (ഇത് വളരെ ശ്രമകരമാണ് ഹൃദയമേ) എന്ന ഹിന്ദി സിനിമാ ഗാനത്തിന്റെ വരി കാപ്ഷനായി നല്‍കിയാണ് കോണ്‍ഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തത്.