പ്രധാനമന്ത്രിയുടെ പിതാവിന്റെ ചായക്കട സംബന്ധിച്ച് രേഖകള്‍ ഇല്ലെന്ന് പശ്ചിമ റെയില്‍വേ

ഹരിയാനയിലെ അഭിഭാഷകനായ പവന്‍ പരീഖ്‌ രണ്ട് വര്‍ഷം മുന്‍പാണ് പശ്ചിമ റെയില്‍വേ അധികൃതര്‍ക്ക് നരേന്ദ്ര മോദിയുടെ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയതായി പറയുന്ന ചായക്കടയുടെ വിവരങ്ങള്‍ ആരാഞ്ഞ് അപേക്ഷ നല്‍കിയത്.

Update: 2020-08-24 02:47 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവായ ദാമോദര്‍ ദാസിന്റെ ചായക്കടയെക്കുറിച്ചുള്ള രേഖകളൊന്നും ഇല്ലെന്ന് പശ്ചിമ റെയില്‍വേ. ഇതേ തുടര്‍ന്ന് ആര്‍ടിഐ വഴി വിവരങ്ങള്‍ തേടിയ അഭിഭാഷകന്‍ സമര്‍പ്പിച്ച രണ്ടാമത്തെ അപ്പീല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തള്ളി.

ഹരിയാനയിലെ അഭിഭാഷകനായ പവന്‍ പരീഖ്‌  രണ്ട് വര്‍ഷം മുന്‍പാണ് പശ്ചിമ റെയില്‍വേ അധികൃതര്‍ക്ക് നരേന്ദ്ര മോദിയുടെ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയതായി പറയുന്ന ചായക്കടയുടെ വിവരങ്ങള്‍ ആരാഞ്ഞ് അപേക്ഷ നല്‍കിയത്. കടയുടെ പാട്ടക്കാലത്തെക്കുറിച്ചായിരുന്നു ഒരു ചോദ്യം. ചായക്കടയുടെ ലൈസന്‍സ് പ്പോഴാണ് നല്‍കിയതെന്നും ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അദ്ദേഹം തേടി. പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല.

ഇതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കി. ആദ്യത്തെ അപ്പീല്‍ അതോറിറ്റി തീര്‍പ്പാക്കുന്നില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം കേന്ദ്ര വിവര കമ്മീഷനെ സമീപിച്ചു. ഈ അപ്പീലിന് മറുപടി നല്‍കിയ വെസ്റ്റേണ്‍ റെയില്‍വേ, ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നായിരുന്നു വാദിച്ചത്. രണ്ടാമത്തെ അപ്പീലിനു നല്‍കിയ മറുപടിയിലാണ് അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ വളരെ പഴയതാണെന്നും അക്കാലത്തെ ഒരു രേഖയും അഹമ്മദാബാദ് ഡിവിഷനില്‍ സൂക്ഷിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചത്.

വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലിലൂടെ മുന്‍പും ശ്രദ്ധേയനായ വ്യക്തിയാണ് പവന്‍ പരീഖ്. പൃഥ്വിരാജ് ചൗഹാന്‍ ചക്രവര്‍ത്തിയുടെ മൃതദേഹം എപ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്ന് അദ്ദേഹം വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിരുന്നു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയതിന്റെ വിവരങ്ങള്‍ തേടിയും അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. 

Tags:    

Similar News