മോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; രാജ്യത്ത് സര്‍ക്കാര്‍ അനുകൂലതരംഗമെന്ന്
രാവിലെ കാലഭൈരവ ക്ഷേത്രത്തിലെ ദര്‍ശനവും വാരാണസിയിലെ ബിജെപി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞാണ് അദ്ദേഹം പത്രികാ സമര്‍പ്പണം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, എന്‍ഡിഎയുടെ പ്രമുഖനേതാക്കള്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസിയിലെ കലക്ടറേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ കാലഭൈരവ ക്ഷേത്രത്തിലെ ദര്‍ശനവും വാരാണസിയിലെ ബിജെപി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞാണ് അദ്ദേഹം പത്രികാ സമര്‍പ്പണം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, എന്‍ഡിഎയുടെ പ്രമുഖനേതാക്കള്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമാണുള്ളതെന്ന് മോദി അഭിപ്രായപ്പെട്ടു. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വാരാണസിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മോദി ആവര്‍ത്തിച്ചത്.
മാധ്യമങ്ങള്‍ അറിയണം, വാരാണസിയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി വോട്ടിന്റെ റെക്കോര്‍ഡ് അറിയാനുള്ള ചെറിയ ഇടവേള മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ കേരളത്തിനെതിരേയും രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്. കേരളത്തില്‍ ജീവന്‍ പണയംവച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. കേരളത്തില്‍ വോട്ടുതേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്നുപോലും ഉറപ്പില്ല. ബംഗാളിലും ഇതുതന്നെയാണ് അവസ്ഥ. പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ ഭയപ്പെട്ടില്ലെന്നും എല്ലാം അതിജീവിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് റായ് തന്നെയാണ് ഇത്തവണയും മോദിക്കെതിരേ വാരാണസിയില്‍ മല്‍സരിക്കുക.