നാഷനല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഫോണ്‍ ടാപ്പിങ് കേസ്; മുന്‍ പോലിസ് മേധാവി സഞ്ജയ് പാണ്ഡെയെ അറസ്റ്റ് ചെയ്തു

Update: 2022-09-24 17:35 GMT

ന്യൂഡല്‍ഹി: മുന്‍ മുംബൈ പോലിസ് മേധാവി സഞ്ജയ് പാണ്ഡെയെ സിബിഐ അറസ്റ്റ് ചെയ്തു. നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഫോണ്‍ ടാപ്പിങ് കേസിലാണ് അറസ്റ്റ്.

കോടതിയില്‍ ഹാജരാക്കിയപ്രതിയെ നാല് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇതേ കേസില്‍ ഇ ഡി ഇദ്ദേഹത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എക്‌സ്‌ചേഞ്ച് ജീവനക്കാരെ കബളിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിന് സഞ്ജയ് പാണ്ഡെയ്‌ക്കെതിരെയും എന്‍എസ്ഇയുടെ മുന്‍ മേധാവികളായ രവി നരേന്‍, ചിത്ര രാമകൃഷ്ണ എന്നിവര്‍ക്കെതിരെയും ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. 

2000 ഏപ്രിലില്‍ സഞ്ജയ് പാണ്ഡെ സര്‍വീസില്‍ നിന്ന് രാജിവെച്ചതായി ജൂലൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. 2001 മുതല്‍ 2006 വരെ അദ്ദേഹത്തിന്റെ സേവനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകളുണ്ടായിരുന്നു. പിന്നീട്, 2007ല്‍ അദ്ദേഹം സ്വയംവിരമിക്കലിന് അപേക്ഷിച്ചു. അത് 2008 ഒക്ടോബറില്‍ പിന്‍വലിച്ചു.

സഞ്ജയ് പാണ്ഡെ 2001ല്‍ ഐസെക് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതായി ഇ ഡി കോടതിയെ അറിയിച്ചു. കമ്പനിയുടെ ഡയറക്ടര്‍ അല്ലെങ്കിലും സഞ്ജയ് പാണ്ഡെ ഈ സ്ഥാപനം രൂപീകരിക്കുന്ന സമയത്ത് ജോലിയില്‍ ഉണ്ടായിരുന്നു. പാണ്ഡെ മീറ്റിംഗുകളില്‍ പങ്കെടുക്കുകയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി സ്വാധീനിക്കുകയും ചെയ്തിരുന്നതായും കരാര്‍ വ്യാജമാണെന്നും ഇഡി ആരോപിക്കുന്നു.

മുന്‍ എന്‍എസ്ഇ എക്‌സിക്യൂട്ടീവുമാരായ ചിത്ര രാമകൃഷ്ണയും രവി നരേനും ചേര്‍ന്ന് എന്‍എസ്ഇ ജീവനക്കാരെ സ്വാധീനിക്കാനായി ഒരു സ്വകാര്യ സ്ഥാപനത്തെ നിയമിച്ചതായി എഫ്‌ഐആര്‍ പറയുന്നു. ജീവനക്കാര്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ടോ അതോ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നെന്ന് സിബിഐയും ഇഡിയും കരുതുന്നു.

റിപോര്‍ട്ടുകള്‍ പ്രകാരം സഞ്ജയ് പാണ്ഡെയുടെ കമ്പനിയായ ഐസെക് സര്‍വീസസ് ഏകദേശം 4.45 കോടി രൂപയുടെ കരാര്‍ നേടിയിട്ടുണ്ട്.

Tags:    

Similar News