ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍
ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്.
തൃശൂര്‍: ചാലക്കുടി എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. അയ്യപ്പ ജ്യോതി തെളിയിച്ചതും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതും ഉള്‍പ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ചോളം കേസുകളാണ് എ എന്‍ രാധാകൃഷ്ണനെതിരേ നേരത്തെ പോലിസ് ചുമത്തിയിരുന്നത്. സ്‌റ്റേഷനില്‍ നേരിട്ട് കീഴടങ്ങിയ അദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവില്‍ മടങ്ങുകയായിരുന്നു. ഈ സംഭവത്തിലാണ് എ എന്‍ രാധാകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രധാന മുന്നണികളെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കനത്ത പോരാട്ടമാണ് ചാലക്കുടി മണ്ഡലത്തില്‍ നടക്കുന്നത്. സിറ്റിങ് എം പി ഇടതു സ്ഥാനാര്‍ഥിയായും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും മല്‍സരിക്കുന്നു. പരമ്പരാഗതമായി യുഡിഎഫിനൊപ്പം ശക്തിയുള്ള മണ്ഡലത്തില്‍ 2014ല്‍ ഇന്നസെന്റ് നേടിയത് അട്ടിമറി ജയമായിരുന്നു.