രാജ്യത്തെ വ്യാവസായികോല്‍പാദനം കൂടുതല്‍ തകര്‍ച്ചയിലേക്ക്; സെപ്റ്റംബറില്‍ വളര്‍ച്ചാനിരക്കില്‍ 4.3 ശതമാനത്തിന്റെ കുറവ്

ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടി വരികയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ കണക്കുകള്‍ നല്‍കുന്ന സൂചന.

Update: 2019-11-11 13:05 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കിക്കൊണ്ട് ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വ്യവസായോല്‍പ്പാദനത്തിന്റെ വളര്‍ച്ച സൂചിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡക്‌സില്‍ 4.3 ശതമാനത്തിന്റെ കുറവ്. ആഗസ്റ്റില്‍ അതിനു തൊട്ടു മുന്നിലെ മാസത്തെ അപേക്ഷിച്ച് 1.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടി വരികയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ കണക്കുകള്‍ നല്‍കുന്ന സൂചന.

23 വ്യവസായ ഗ്രൂപ്പുകളില്‍ 17 ലും സെപ്റ്റംബര്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച പിന്നോട്ടായിരുന്നു. റോയിറ്റേഴ്‌സുമായി ബന്ധപ്പെട്ട വിദഗ്ധര്‍ സെപ്റ്റംബര്‍ മാസത്തില്‍ 2 ശമാനത്തിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.3 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ഓട്ടോമൊബൈല്‍ മേഖലയിലും സ്ഥിതി ഗുരുതരമാണ്. ട്രയിലറുകളും മോട്ടോര്‍വാഹനങ്ങളും സെമി ട്രയിലറുകളും നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ക്ക് വളര്‍ച്ചാനിരക്കില്‍ 24.8 ശതമാനത്തിന്റെ കുറവുണ്ടായി. ഫര്‍ണീച്ചര്‍ മേഖലയിലും(-23.6 ശതമാനം) മെറ്റല്‍ ഫാബ്രിക്കേഷന്‍ മേഖലയിലും(-22 ശതമാനം) വളര്‍ച്ച പിന്നിലേക്കാണ്.

വൈദ്യുതി ഉദ്പാദനമേഖലയില്‍ വന്ന കുറവ് കണക്കനുസരിച്ച് 2.6 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ഖനമേഖലയില്‍ 8.5 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 0.1 ശതമാനം വളര്‍ന്നിരുന്നു. 

Tags:    

Similar News