ഇസ്രായേലി വ്യോമാക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു; ഭയമില്ലാതെ കുഞ്ഞുങ്ങളെ പരിചരിച്ച് ഡോ. ഖാലിദ് (VIDEO)

Update: 2025-01-14 11:08 GMT

ഗസ സിറ്റി: ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടിട്ടും ഗസയിലെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായി പോരാടുന്ന ഡോക്ടര്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്നു. അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയിലെ പീഡിയാട്രിക് വിദഗ്ദനായ ഖാലിദ് അല്‍ സൈദാനിയുടെ സേവനസന്നദ്ധതയും കരളുറപ്പുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോക്ടര്‍ ജോലി കേവലമൊരു ജോലിയല്ലെന്നും മാനുഷികമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണെന്നുമെന്ന തത്വത്തിന്റെ നേര്‍സാക്ഷ്യമാണ് ഡോ. ഖാലിദ് അല്‍ സൈദാനിയെന്ന് റിപോര്‍ട്ടുകള്‍ പ്രഘോഷിക്കുന്നു.

ഗസയിലെ അല്‍ ബുറേജ് അഭയാര്‍ത്ഥി ക്യാംപില്‍ കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഡോ. ഖാലിദിന് ഗുരുതരമായി പരിക്കേറ്റത്. ബോംബിന്റെ ചീളുകള്‍ തെറിച്ച് കാലില്‍ ഗുരുതരമായി മുറിവേറ്റു. പ്രമേഹമുള്ളതിനാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാല്‍, മുറിവ് പൂര്‍ണമായും ഉണങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം ആശുപത്രിയില്‍ എത്തി. ഇസ്രായേലിന്റെ ആക്രമണത്തിന് ഇരയായ കുട്ടികളെ രക്ഷിക്കലാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.

തന്റെ കൃത്രിമ കാലും അലുമിനിയം വാക്കറും കൊണ്ട് എല്ലാ വാര്‍ഡുകളിലും ഖാലിദ് എത്തും. രോഗികളെ പരിചരിക്കാനും അവര്‍ക്ക് വേണ്ട ശുശ്രൂഷ നല്‍കാനും ഖാലിദ് സദാസമയവും തയ്യാറാണ്. തന്റെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഖാലിദ് തയ്യാറല്ല. തന്റെ രോഗവും അവസ്ഥയും കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ ഒട്ടും പിന്നോട്ടടിപ്പിക്കുന്നില്ല. ഈ ആശുപത്രി എങ്ങനെയെങ്കിലും പൂട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇസ്രായേല്‍ നിരവധി തവണയാണ് ആക്രമണം നടത്തിയിരിക്കുന്നത്. എന്നാലും ഡോക്ടറും സംഘവും ആശുപത്രി വിടാതെ കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും പരിചരിക്കുകയാണ്. എന്തുസംഭവിച്ചാലും ആശുപത്രിയില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് ഡോ. ഖാലിദ് ആവര്‍ത്തിച്ചു.

ചര്‍മസംബന്ധിയായ രോഗങ്ങളും പോളിയോയും ഗസയില്‍ പടരുകയാണെന്ന് ഡോ. ഖാലിദ് പറയുന്നു. ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതിന് ശേഷമാണ് ഗസയില്‍ പോളിയോ വീണ്ടും പ്രത്യക്ഷപ്പെട്ടത്. കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ കുട്ടികളില്‍ പോഷകാഹാരക്കുറവുമുണ്ട്. ഗസയിലെ കുഞ്ഞുങ്ങള്‍ നരകതുല്യമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും അവരെ ഇവിടെ ഇട്ടിട്ട് തനിക്ക് എങ്ങോട്ടും പോവാനില്ലെന്നും ഡോക്ടര്‍ പറയുന്നു. ഇപ്പോള്‍ 50 വയസുള്ള താന്‍ 23 വര്‍ഷമായി ഇവിടെ തന്നെയുണ്ടെന്നും ഇനിയും ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.


Full View


Similar News