കുത്തിവയ്പ്പിനിടെ തുടയില്‍ തറച്ച സൂചിയുമായി അഞ്ചുവയസ്സുകാരന്‍ ജീവിച്ചത് രണ്ടാഴ്ച

മരുന്ന് ഉപയോഗിച്ചിട്ടും വേദനയും നീരും മാറിയില്ല. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സൂചി കണ്ടെത്തിയത്.

Update: 2019-02-13 05:16 GMT

ശാസ്താംകോട്ട: പ്രതിരോധ കുത്തിവയ്പ്പിനിടെ തുടയില്‍ തറച്ച സൂചിയുമായി അഞ്ചുവയസ്സുകാരന്‍ ജീവിച്ചത് രണ്ടാഴ്ച. കഴിഞ്ഞ ദിവസം കുട്ടിയുടെ കാലിന് പഴുപ്പ് ബാധിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കാലിന് ശസ്ത്രക്രിയ വേണ്ടിവരുന്നതിനാല്‍ തിരുവനന്തപുരം എസ്എടിയിലേക്ക് കുട്ടിയെ മാറ്റി.

മൈനാഗപ്പള്ളി കടപ്പ നജീബ് മന്‍സിലില്‍ നജീബിന്റെയും നിജിനയുടെയും മകന്‍ ആദിലിന്റെ ശരീരത്തില്‍ നിന്നാണ് സൂചി ലഭിച്ചത്. ജനുവരി 23ന് രാവിലെ കുട്ടിക്ക് മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രതിരോധകുത്തിവയ്പ് എടുത്തിരുന്നു. അടുത്തദിവസംമുതല്‍ കുട്ടിയുടെ കാലിന് അസഹ്യമായ വേദനയും നീരുമുണ്ടായി. 28ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ മരുന്നുനല്‍കി വിട്ടയച്ചു. മരുന്ന് ഉപയോഗിച്ചിട്ടും വേദനയും നീരും മാറിയില്ല. കുട്ടിക്ക് കാല് നിലത്തുകുത്താന്‍ കഴിയാത്ത സ്ഥിതിയായി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സൂചി കണ്ടെത്തിയത്. കുത്തിവയ്പിലെ അശ്രദ്ധയാണ് സൂചി തുടയില്‍ തറയ്ക്കാന്‍ കാരണമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Similar News