നീറ്റ് പിജി മുന്നാക്ക സംവരണം;സുപ്രിംകോടതി വിധി ഇന്ന്

മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കേട്ടതിന് ശേഷമാണ് സുപ്രിംകോടതി ഇന്ന് ഉത്തരവിറക്കുന്നത്

Update: 2022-01-07 03:29 GMT

ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനത്തിലെ മുന്നാക്ക സംവരണ കേസില്‍ സുപ്രിംകോടതി ഇന്ന് ഉത്തരവിറക്കും. സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി കഴിഞ്ഞ രണ്ട് ദിവസം വാദം കേട്ടിരുന്നു. ഈ വര്‍ഷം മാറ്റങ്ങള്‍ നടപ്പാക്കാന്‍ ആകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.ഈ വാദം കേട്ടതിന് ശേഷമാണ് സുപ്രിംകോടതി ഇന്ന് ഉത്തരവിറക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പൊണ്ണ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ബെഞ്ച് രാവിലെ 10:30ക്ക് വിധിപറയും.

രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നീറ്റ് പിജി പ്രവേശനത്തിലെ മുന്നാക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്.

മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രിംകോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു സത്യവാങ്മൂലം നല്‍കിയത്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ധനസെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ അധ്യക്ഷനായ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.


Tags:    

Similar News