കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി പാര്‍ലമെന്റ് പിരിച്ചുവിട്ടു. അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തും.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയുടെ ശുപാര്‍ശയനുസരിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് നവംബര്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ നടക്കും.
പുതിയ മന്ത്രിസഭ രൂപീകരിക്കാനുളള പ്രധാനമന്ത്രി ഒലിയുടെ അവകാശവാദം നിയമോപദേശത്തെത്തുടര്‍ന്ന് പ്രസിഡന്റ് തള്ളിയതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ നല്‍കിയത്.
ഷെര്‍ ബഹാദൂര്‍ ദൗജയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത മുന്നണിയുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതോടെയാണ് ഒലിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത്.
തനിക്ക് 153 സീറ്റാണ് ഉള്ളതെന്ന് ഒലി അവകാശപ്പെടുന്നു. അത് പ്രതിപക്ഷത്തേക്കാള്‍ 4 എണ്ണം കൂടുതലാണ്. എന്നാല്‍ ഒലിയുടെ പട്ടികയില്‍ പലരും എതിര്‍ഗ്രൂപ്പില്‍ പെട്ടവരുമാണ്.
ഒലിയെ വീണ്ടും നിയമിക്കുകയാണെങ്കില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. നേപ്പാളി കോണ്‍ഗ്രസ്, മാവോവാദി പാര്‍ട്ടി, സമാജ്ബാദി ജനതാ പാര്‍ട്ടി, ഓലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിലെ പിളര്‍ന്നുപോയ വിഭാഗം തുടങ്ങിയവരാണ് പ്രതിപക്ഷത്തുള്ളത്.
39 മാസമായി ഒലിയാണ് നേപ്പാള്‍ പ്രധാനമന്ത്രി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. പക്ഷേ, ഉല്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും മാവോവാദി പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതും ഒലിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുത്തി.