പുതിയ പ്ലസ് വണ്‍ ബാച്ച്: സാമ്പത്തിക ബാധ്യത വരുമെന്ന സര്‍ക്കാര്‍ നിലപാട് ബാലിശമെന്ന് കാംപസ് ഫ്രണ്ട്
തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത വരുമെന്ന നിലപാടില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്ലസ് വണിന് പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം ബാലിശമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന ജയ്ഫര്‍. മുന്‍ വര്‍ഷങ്ങളേക്കാളും മൂന്നിരട്ടിയോളം എ പ്ലസ്സുകള്‍ വര്‍ധിച്ച സാഹചര്യത്തിലും സാമ്പത്തിക ബാധ്യത പറഞ്ഞുകൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം വിദ്യാഭ്യാസ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ജില്ലകളിലെ വിദ്യാഭ്യാസ ആവശ്യകതകള്‍ പരിഗണിച്ചു സീറ്റ് കുറവുള്ള ജില്ലകളില്‍ അധിക ബാച്ച് വേണമെന്ന് ഹയര്‍സെക്കന്ററി വിഭാഗം ആവശ്യപ്പെടുമ്പോള്‍ അത് അവഗണിച്ചാണ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം തുടരുന്നത്. വിദ്യാഭ്യാസ വിഷയത്തില്‍ സാമ്പത്തിക ബാധ്യത പറയുന്ന സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുമാരുടെ വേതനം വര്‍ധിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ല. നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ധനവുകള്‍ നടത്തിയെന്ന പ്രഹസനപരമായ നിലപാടാണ് സര്‍ക്കാരിനുള്ളത്.
മലബാര്‍ ജില്ലകളിലെ വിദ്യാഭ്യാസ മേഖലയോട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നടത്തുന്ന അവകാശ നിഷേധത്തിന്റെ തുടര്‍കഥ തന്നെയാണ് ഇടതുസര്‍ക്കാരിന്റെ വഞ്ചനാത്മകമായ ഈ സമീപനം. 75,554 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ മലപ്പുറം ജില്ലയില്‍ മാത്രം നിലവില്‍ 167 ബാച്ചുകള്‍ ആവശ്യമാണ്. മലബാറിലെ മറ്റു ജില്ലകളിലും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. പുതിയ ബാച്ചുകള്‍ അനുവദിച്ചെങ്കില്‍ മാത്രമേ ഈ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാകൂ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കാണുന്നതിന് പകരം അതിന് വിദ്യാര്‍ഥികളെ കരുവാക്കുന്നത് അഗീകരിക്കാനാവില്ല. അടിസ്ഥാന രഹിതവും യുക്തിസഹവുമല്ലാത്ത ശതമാനക്കണക്കുകള്‍ കാണിച്ച് ഇനിയും ആയിരകണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം അവതാളത്തിലാക്കുന്നത് അനുവദിച്ച് നല്‍കാനാവില്ല. മലബാര്‍ മേഖലയോട് തുടരുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളുമായാ കാംപസ് ഫ്രണ്ട് മുന്‍ നിരയിലുണ്ടാകുമെന്നും സന ജയ്ഫര്‍ കൂട്ടിച്ചേര്‍ത്തു.