പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗം അമിത്ഷായെ കുനിഞ്ഞ് വന്ദിക്കുന്ന ചിത്രം എഫ്ബിയില്‍: രാഷ്ട്രീയ പ്രവര്‍ത്തകനെതിരേ രാജ്യദ്രോഹക്കേസ്

Update: 2020-07-30 07:15 GMT

ഇംഫാല്‍: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭ അംഗം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തല കുനിച്ച് മുതുക് വളച്ച് കൈകള്‍ ചേര്‍ത്ത് വച്ച് വണങ്ങുന്നതിനെ കളിയാക്കി ചിത്രം പോസ്റ്റ് ചെയ്ത രാഷ്ട്രീയ നേതാവിനെതിരെ രാജ്യദ്രോഹ കേസ്. മണിപ്പൂരിലെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് നേതാവ് എറെന്‍ഡ്രോ ലിച്ചോമ്പത്തെയാണ് പോലിസ് രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ താണ് വണങ്ങിയ രാജ്യസഭാ അംഗം ലീഷെംബ സനജോബയെ മൈറ്റി ഭാഷയില്‍ കളിയാക്കി എഫ്ബിയില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോട്ടോയോട് ഒപ്പം ചേര്‍ത്ത അടിക്കുറിപ്പില്‍ വേലക്കാരന്റെ മകന്‍ എന്നും എഴുതി. മണിപ്പൂരിലെ പഴയ രാജാവാണ് ലീഷെംബ.

എറെന്‍ഡ്രോ ലിച്ചോമ്പത്തിനെതിരേ പോലിസ് രാജ്യദ്രോഹകുറ്റത്തിനു പുറമെ ഇന്ത്യന്‍ പീനല്‍ കോഡിലെ മറ്റ് വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ഐപിസി 153(സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍), 12എ(രാജ്യദ്രോഹം), 505(ജനങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന പ്രസ്താവന) എന്നിവയാണ് ചുമത്തിയ പ്രധാന വകുപ്പുകള്‍. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് പറഞ്ഞു.

രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണിപ്പൂര്‍ രാജാവ് ലീഷെംബ സനജോബ ഈ അടുത്ത കാലത്താണ് ബിജെപിയിലെത്തിയത്. അദ്ദേഹം ഡല്‍ഹിയിലെത്തിയ ശേഷം അമിത് ഷായെ കണ്ടിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് എറെന്‍ഡ്രോ ലിച്ചോമ്പം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ലീഷെംബയെ രാജ്യസഭയിലേക്ക്് തിരഞ്ഞെടുത്തത്.

പോലിസ് എറെന്‍ഡ്രോ ലിച്ചോമ്പയുടെ വീട് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

'എന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന് സര്‍ക്കാര്‍ എനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. കംഗലേപക്കിനെ(മണിപ്പൂരിനെ) നിര്‍ബന്ധിതമായി പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുക എന്നത് എന്റെ കടമയാണ്. മുഖ്യമന്ത്രി (എന്‍. ബിരേന്‍ സിംഗ്) ഹിന്ദുത്വ കൊളോണിയലിസത്തിന്റെ കൈയിലെ ഒരു പാവയാണ്. രാജ്യദ്രോഹം 124 (എ) ഒരു കൊളോണിയല്‍ നിയമമാണ്, ഞാന്‍ ഫേസ്ബുക്കില്‍ ഇനിയും പോസ്റ്റ് ചെയ്യും- രാജ്യദ്രോഹ കേസ് പ്രഖ്യാപിച്ച ഉടന്‍ എറെന്‍ഡ്രോ ലിച്ചോമ്പം എഫ്ബിയില്‍ പോസ്റ്റ് ചെയ്തു.

കംഗലേപക്ക് എന്നത് ഇപ്പോഴത്തെ മണിപ്പൂരിന്റെ രാജഭരണമുളള കാലത്തെ പഴയ പേരാണ്.

2017ല്‍ ഇറോം ശര്‍മിളയുമായി ചേര്‍ന്ന് ലിച്ചോമ്പം തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ലിച്ചോമ്പം. നേരത്തേയും ഇത്തരം പോസ്റ്റുകള്‍ ചെയ്യ്യുന്നതിന്റെ പേരില്‍ ലിച്ചോമ്പത്തെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Similar News