പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ വില്ലേജ് ഓഫിസ് വേണമെന്ന് ആവശ്യം

Update: 2020-07-09 13:31 GMT

മാള: പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ വില്ലേജ് ഓഫീസിന് വേണ്ടി മുറവിളി ശക്തമാകുന്നു. മുകുന്ദപുരം താലൂക്കിലെ ഏറ്റവും വിസ്തൃതി കൂടിയ വില്ലേജാണ് പുത്തന്‍ചിറ വില്ലേജ്. സമീപത്തുള്ള മറ്റു ഗ്രാമപഞ്ചായത്തുകളിലൊക്കെ മൂന്നും നാലും വില്ലേജ് ഓഫീസുകളുള്ളപ്പോള്‍ 22.29 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ ഒരു വില്ലേജ് ഓഫീസ് മാത്രമാണുള്ളത്.

കൂടാതെ വില്ലേജ് പരിഷ്‌കരണ കാലഘട്ടത്തിലുള്ള സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും തുടര്‍ന്നുവരുന്നത്. അതനുസരിച്ച് വില്ലേജ് ഓഫീസറടക്കം ആറ് ജീവനക്കാരാണുള്ളത്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസറുടെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം അഞ്ചായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 50 ശതമാനം പേരെ ഓഫിസിലെത്തുന്നുള്ളൂ.

മുന്‍ കാലങ്ങളില്‍ നിന്ന് വിത്യസ്തമായി വസ്തു സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ മറ്റ് നിരവധി സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള സേവനങ്ങളാണ് വില്ലേജോഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ദിനംപ്രതി ലഭിക്കേണ്ടത്. ഭൂ നികുതി അടക്കുന്നതൊഴിച്ച് മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകുന്നുണ്ട്.

461 സര്‍വ്വേ നമ്പറുകളിലായി ആയിരത്തിലധികം വരുന്ന അതിന്റെ സബ്ഡിവിഷനുകളിലുമായി പതിനയ്യായിരത്തിലധികം തണ്ടപേരുകളിലുള്ളവരാണ് പുത്തന്‍ചിറ വില്ലേജില്‍ ഭൂനികുതി അടക്കാനുള്ളത്. അതുകൊണ്ടുതന്നെ കൊവിഡ് സാഹചര്യത്തില്‍ ഭൂനികുതിയും ഓണ്‍ലൈന്‍ വഴിയാക്കേണ്ടത് അത്യാവശ്യമാണ്.

പഴയ തിരുവിതാംകൂര്‍ സിസ്റ്റമാണ് ഇപ്പോഴും പുത്തന്‍ചിറ വില്ലേജില്‍ ഉള്ളത്. അതുകൊണ്ടുതന്നെ രേഖകള്‍ പലതും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ പുത്തന്‍ചിറ വില്ലേജില്‍ റീ സര്‍വ്വേ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തില്‍ റീ സര്‍വ്വേ പൂര്‍ത്തികരിക്കാന്‍ സാധിക്കും. അതോടൊപ്പം പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ ഒരു പുതിയ വില്ലേജ് ഓഫീസ് എന്ന പൊതു സമൂഹത്തിന്റെ കാലങ്ങളായിട്ടുള്ള ആവശ്യം കൂടി അനുവദിക്കപ്പെട്ടാല്‍ മാത്രമാണ് ശാശ്വതമായ പരിഹാരം ആവുകയുള്ളൂ. ഈ വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെ

എം എല്‍ എയുടെയും റവന്യൂ വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പ്രസിഡന്റ് വി എ നദീര്‍ പറഞ്ഞു. 

Similar News