ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറിന് തുടക്കമായി

Update: 2020-11-05 03:08 GMT

ഷാര്‍ജ: 'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു' എന്ന പ്രമേയത്തില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോല്‍സവമായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്‌ഐബിഎഫ്) 39-ാം എഡിഷന് തുടക്കമായി. 73 രാജ്യങ്ങളില്‍ നിന്നുള്ള 1,024 പ്രസാധകരാണ് ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കുന്നത്. 80,000 ശീര്‍ഷകങ്ങളാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോല്‍സവത്തില്‍ പ്രദര്‍ശനത്തിനുള്ളത്. നവംബര്‍ 14ന് സമാപിക്കും. 10,000 ചതുരശ്ര മീറ്റലിധികം സ്ഥലത്താണ് ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ വില്‍പനക്ക് നിരത്തിയിരിക്കുന്നത്.

കൊവിഡ് 19 സാഹചര്യത്തില്‍ കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വെര്‍ച്വലായി പുസ്‌കോല്‍സവം ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകരെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രദര്‍ശന ഹാളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഒരു ദിവസം 5,000 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരാള്‍ക്ക് ഒരു സമയം മൂന്നു മണിക്കൂര്‍ മാത്രമേ അനുമതിയുമുണ്ടാവുകയുള്ളൂ. ശരീര താപനില പരിശോധന, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകല പാലനം, തുടര്‍ച്ചയായുള്ള സാനിറ്റൈസേഷന്‍, സൂക്ഷ്മമായ പ്രവേശന-നിര്‍ഗമന രീതികള്‍ തുടങ്ങിയ കണിശമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രദര്‍ശന ഹാളുകളിലേക്ക് പ്രവേശിപ്പിക്കുക.

സന്ദര്‍ശകരെ സഹായിക്കാൻ ചെയ്യാന്‍ സ്മാര്‍ട് ഇലക്‌ട്രോണിക് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. സന്ദര്‍ശക സമയം നാലു ഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ഓൺലൈൻ ബുക് ചെയ്ത സ്‌ളോട്ടിനനുസരിച്ച് ഓരോ സന്ദര്‍ശകനും അവരുടെ പ്രവേശന-വിടുതല്‍ സമയങ്ങള്‍ നിരീക്ഷിക്കാന്‍ വിവിധ നിറങ്ങളിലുള്ള ബ്രേസ്‌ലെറ്റുകള്‍ നല്‍കുന്നതാണ്. പ്രിന്‍സ് യ്യാ, യന്‍ മാര്‍ട്ടല്‍, എലിസബത്ത ഡാമി, ഡോ. ശശി തരൂര്‍, രവീന്ദര്‍ സിംഗ്, റോബര്‍ട്ട് കിയോസാകി, ലാംങ് ലീവ്, റിച്ചാര്‍ഡ് ഒവന്‍ഡന്‍, ഇയാന്‍ റാന്‍കിന്‍, നജ്‌വാ സെബിയാന്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ പുസ്തക മേളയിലുണ്ടാകും.

19 രാജ്യങ്ങളില്‍ നിന്നുള്ള 60 അറബ്-രാജ്യാന്തര ഗ്രന്ഥകാരന്മാരും ബുദ്ധിജീവികളും കലാകാരന്മാരും സാംസ്‌കാരിക പരിപാടികളില്‍ സന്നിഹിതരാകും.

Similar News