ഷാര്‍ജ: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷെരീഫ് സാഗര്‍ എഴുതിയ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' എന്ന നോവല്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.
റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക് ആദ്യ കോപ്പി നല്‍കിയായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. പ്രസാധകരായ ഒലിവ് പബ്‌ളികേഷന്‍സ് പവലിയനിലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്.
മലബാര്‍ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വല അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വൈദേശികാടിമത്തത്തിനെതിരെ സുധീരം പൊരുതി രക്തസാക്ഷിത്വം വരിച്ച വീര യോദ്ധാവായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ഉപജീവിച്ചെഴുതിയ ഈ ഗ്രന്ഥം ഏറെ ശ്രദ്ധേയമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
എഴുത്തുകാരന്‍ സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ, ഒലിവ് പബ്‌ളികേഷന്‍സ് ഗള്‍ഫ് കോഓര്‍ഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി, ഒലിവ് മിഡില്‍ ഈസ്റ്റ് ഓര്‍ഗനൈസര്‍ അഷ്‌റഫ് അത്തോളി, ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റും ഇന്‍കാസ് യുഎഇ ജന.സെക്രട്ടറിയുമായ പുന്നക്കന്‍ മുഹമ്മദലി, മുനവ്വര്‍ വളാഞ്ചേരി, അബ്ദുല്‍ ജലീല്‍ (ഫെയ്ത് ഗ്രൂപ്), അഷ്‌റഫ് താമരശ്ശേരി, സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.പി ഇബ്രാഹിം, മുന്‍ദിര്‍ കല്‍പകഞ്ചേരി, ഹംസ കരിയാടന്‍ മാങ്കടവ്, ചാക്കോ ഇരിങ്ങാലക്കുട തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.