സിദ്ദിഖ് കാപ്പന്റെ മോചനം: 'ഇടപ്പെടാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളത്തരം'
യുപി പോലിസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തില്‍ ഇടപെടാനാവില്ലെന്ന മുഖ്യമന്ത്രിയുടേയും പോലിസിന്റേയും വാദം പൊള്ളത്തരമാണെന്ന് ആക്ടിവിസ്റ്റ് പ്രശാന്ത് സുബ്രഹ്മണ്യന്‍. 'മറ്റു സംസ്ഥാനങ്ങളില്‍ കസ്റ്റഡിയിലായ/അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരുടെ മോചനത്തിനായി ഈ സര്‍ക്കാരും പൊലീസും തന്നെ നേരത്തെ ഇടപെട്ടിരുന്നു.
അറസ്റ്റിലായവര്‍ മാധ്യമപ്രവര്‍ത്തകര്‍ അല്ലെന്നും അവരുടെ മത ഐഡിന്റിറ്റി പോലിസ് ഉന്നയിക്കുകയും ചെയ്തു. സിദ്ദിഖിന്റെ അറസ്റ്റിലും തുടക്കത്തില്‍ സമാനമായ വാദങ്ങളായിരുന്നു യുപി പോലിസിന്. ഇത്തരം പ്രതിബന്ധങ്ങള്‍ എല്ലാം കടന്ന് മംഗ്‌ളൂരില്‍ അവര്‍ മോചിതരായിരുന്നു. പ്രധാന പോയിന്റ് കേരള സര്‍ക്കാരും പോലിസും ഇടപെട്ടിരുന്നു എന്നതാണ്. ഇതില്‍ നിന്നും വ്യക്തമാകുന്നത്, മറ്റൊരു സംസ്ഥാനത്തില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ മോചനത്തില്‍ ഇടപ്പെടാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെയും പോലിസിന്റെയും വാദങ്ങളുടെ പൊള്ളത്തരമാണ്. സംസ്ഥാന പരിമിതികള്‍ക്കപ്പുറം, രാജ്യങ്ങള്‍, മറ്റു രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന അവരുടെ മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി ഇടപെടുന്നു'. പ്രശാന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സംഭവം നടന്നത് മറ്റൊരു സംസ്ഥാനത്തായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വാദം. സിദ്ദിഖിന്റെ മോചനത്തിനായി മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്ന് ഭാര്യ റൈഹാനത്തും സാമൂഹ്യപ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാദങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കസ്റ്റഡിയിലായ/അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരുടെ മോചനത്തിനായി ഈ സര്‍ക്കാരും പൊലീസും തന്നെ നേരത്തെ ഇടപെട്ടിരുന്നു.
2019 ഡിസംബറില്‍ മറ്റൊരു സംസ്ഥാനത്തെ മംഗ്‌ളരുവില്‍ നടന്ന പൗരത്വ പ്രക്ഷോഭത്തില്‍ സമരക്കാരെ വെടിവെച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അന്നും കര്‍ണ്ണാടക ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരില്‍ മുസ്‌ലിം മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഉമറും. തേജസ് പോലെ മീഡിയാവണ്‍ മുസ്‌ലിം മാധ്യമമാണ്. മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് പ്രത്യേകം ഉന്നംവെച്ചിരുന്നുവെന്ന് അന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ ഉദ്ധരിച്ച് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു, 'മീഡിയ വണിലെ മാധ്യമ പ്രവര്‍ത്തകരുടെ പേര് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ഷബീര്‍ എന്നും ക്യാമറാമാന്‍ അനൂപ് എന്നും പറഞ്ഞപ്പോള്‍, നിങ്ങള്‍ എങ്ങനെയാണ് ഒരുമിച്ച് തൊഴില്‍ എടുക്കുന്നത്, ഒരാള്‍ ഹിന്ദുവും ഒരാള്‍ മുസ്‌ലിമും അല്ലേയെന്നും പൊലീസ് ചോദിച്ചു'
അന്ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ,
'വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ എത്തിയത് 50 ഓളം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തിയെന്ന് ഔദ്യോഗികമായി പ്രചരിപ്പിച്ച്, കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് ചെയ്യാനും കര്‍ഫ്യു കഴിയുന്നതുവരെ തടങ്കലില്‍ വയ്ക്കാനുള്ള ഗൂഢനീക്കം 'കേരള സര്‍ക്കാരിന്റെ ഇടപെടലും' ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ് പൊളിഞ്ഞത്.' അറസ്റ്റിലായവര്‍ മാധ്യമപ്രവര്‍ത്തകര്‍ അല്ലെന്നും അവരുടെ മത ഐഡിന്റിറ്റി പൊലീസ് ഉന്നയിക്കുകയും ചെയ്തു. സിദ്ദിഖിന്റെ അറസ്റ്റിലും തുടക്കത്തില്‍ സമാനമായ വാദങ്ങളായിരുന്നു യുപി പൊലീസിന്. ഇത്തരം പ്രതിബന്ധങ്ങള്‍ എല്ലാം കടന്ന് മംഗ്‌ളൂരില്‍ അവര്‍ മോചിതരായിരുന്നു. പ്രധാന point കേരള സര്‍ക്കാരും പൊലീസും ഇടപെട്ടിരുന്നു എന്നതാണ്. ഇതില്‍ നിന്നും വ്യക്തമാകുന്നത്, മറ്റൊരു സംസ്ഥാനത്തില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ മോചനത്തില്‍ ഇടപ്പെടാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാദങ്ങളുടെ പൊള്ളത്തരമാണ്. സംസ്ഥാന പരിമിതികള്‍ക്കപ്പുറം, രാജ്യങ്ങള്‍, മറ്റു രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന അവരുടെ മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി ഇടപെടുന്നു.
കേസിന്റെ സ്വഭാവം എന്തായാലും കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാര്‍ ബന്ദിയാക്കിയ മീഡിയാവണ്‍ ഉള്‍പ്പെടെ, ഏഷ്യാനെറ്റ്, 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ മാധ്യപ്രവര്‍ത്തകരുടെ മോചനത്തിന് ഇടപെട്ട സര്‍ക്കാരിന്, ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖിന്റെ മോചനത്തിനും സീരിയസായി തന്നെ ഇടപെടാന്‍ സാധിക്കും. യുപിയില്‍ അറസ്റ്റിലായ സിദ്ദിഖിന് പകരം ദേശാഭിമാനിയിലെയും മനോരമയിലെയും മാതൃഭൂമിയിലെയും മാധ്യമപ്രവര്‍ത്തകരായിരുന്നെങ്കില്‍, നിങ്ങള്‍ ഇടപെടുമായിരുന്നു.
മുസ്‌ലിം, പഴയ തേജസ് റിപ്പോര്‍ട്ടര്‍ ഈ ഘടകങ്ങളും പോപ്പുലര്‍ ഫ്രണ്ട് എന്ന ആരോപണവുമാണോ സിദ്ദിഖിന്റെ മോചനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനെ പിന്നോട്ട് നയിക്കുന്നത്? ജനാധിപത്യ സര്‍ക്കാരാണ് എന്നവകാശപ്പെടുന്നതെങ്കില്‍ അത്തരം സങ്കുചിതത്വങ്ങള്‍ വെടിഞ്ഞ് അദ്ദേഹത്തിന്റെ മോചനം ഉടന്‍ സാധ്യമാകാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി ചെയ്യണം. നിങ്ങളും സര്‍ക്കാരും നിലനില്‍ക്കുന്നത് ജനങ്ങളുടെ വോട്ടും ടാക്‌സും കൊണ്ടാണെങ്കില്‍, അതില്‍ നിരപരാധിയായ സിദ്ദിഖിന്റെ കുടുംബവും പങ്കുവഹിക്കുന്നുവെന്നത് മറക്കരുത്.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ...
Posted by Prashaanth Subrahmanian on Thursday, December 24, 2020