ഗുരുവായൂര്‍: നഗരസഭ ചെയര്‍മാനായി സിപിഎം അംഗം എം കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കെ പി ഉദയന്‍ എതിരെ മത്സരിച്ചു. എം കൃഷ്ണദാസിന്റെ പേര് എ എസ് മനോജ് നിര്‍ദേശിച്ചു. എ എം ഷെഫീര്‍ പിന്താങ്ങി. കെ പി ഉദയനെ കെ പി എ റഷീദ് നിര്‍ദേശിച്ചു. കെ എം മെഹറൂഫ് പിന്താങ്ങി. എം കൃഷ്ണദാസിന് 29 വോട്ടും കെ പി ഉദയന് 12 വോട്ടും ലഭിച്ചു.
നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ മേരി ചെയര്‍മാന്‍ എം കൃഷ്ണദാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു നടന്ന അനുമോദന യോഗത്തില്‍ എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുന്നല്ലി, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം രതി, മുന്‍ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ എം കൃഷ്ണദാസിനെ പൊന്നാട അണിയിച്ചു. ചടങ്ങില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍, നഗരസഭാ സെക്രട്ടറി എ എസ് ശ്രീകാന്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.