ഗുരുവായൂരിലെ എല്ലാ ടൂറിസം നിര്‍മാണ പ്രവര്‍ത്തനങ്ങളും മാര്‍ച്ചിന് മുന്‍പ് തീര്‍ക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ ടൂറിസം കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി മാര്‍ച്ചിന് മുന്‍പേ തീര്‍ക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഗുരുവായൂരിലെ കെടിഡിസി ഗസ്റ്റ്ഹൗസ്‌ന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഗസ്റ്റ് ഹൗസ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ സൈറ്റുകള്‍ സന്ദര്‍ശിച്ച് മന്ത്രി റിവ്യൂ നടത്തി.
പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വത്തിന്റെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, നഗരസഭയുടെ ടൂറിസ്റ്റ് എംനിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനങ്ങള്‍ കേന്ദ്ര ടൂറിസം വിഭാഗവുമായി ബന്ധപ്പെട്ട് എത്രയും വേഗം തീരുമാനിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ ദാസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരി, നഗരസഭാ സെക്രട്ടറി എ എസ് ശ്രീകാന്ത്, ചാവക്കാട് തഹസില്‍ദാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.