കൊവിഡ് കാലം: പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കൈതാങ്ങായത് ക്ഷീര വികസന വകുപ്പ്-മന്ത്രി കെ രാജു

Update: 2021-01-02 07:25 GMT

തൃശൂര്‍: മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികളും ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സുകളെക്കുറിച്ചും കൃത്യമായി അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും കഴിയണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു.

മൃഗചികിത്സാരംഗത്ത് ആധുനിക ശാസ്ത്ര സാങ്കേതിക മികവോടെ രോഗനിര്‍ണയത്തിനായി സജ്ജമാക്കിയിരിക്കുന്ന ക്ലിനിക്കല്‍ ലാബിന്റെയും ജന്തുരോഗ നിയന്ത്രണ വിഭാഗത്തിന്റെയും കെട്ടിടോദ്ഘാടനവും പ്രവര്‍ത്തനോദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മൃഗങ്ങളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ക്ഷീരകര്‍ഷകര്‍ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍. അതു കൊണ്ട് ഈ മേഖലയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ നിറവേറ്റന്‍ ത്രിതല പഞ്ചായത്തുകള്‍ കൃത്യമായ ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു. ലോകമെങ്ങും കോവിഡ് വ്യാപനം ഉണ്ടായ സാചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കന്നുകാലി സംരംഭങ്ങള്‍ തുടങ്ങുന്നതിന് കൈതാങ്ങായത് ക്ഷീര സംരക്ഷണ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.

നാലര വര്‍ഷ കാലയളവില്‍ സംസ്ഥാനത്ത് ഇറച്ചി, പാല്, മുട്ട തുടങ്ങിയ ഭക്ഷ്യ ഉല്പന്നങ്ങളുടെ സമ്പത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. പാല്‍ ഉല്‍പാദത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച കേരളത്തില്‍ മലബാര്‍ മേഖലയില്‍ അധികമായി വരുന്ന പാല്‍ പാല്‍പ്പൊടിയാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മോളിക്യുലാര്‍ ബയോളജി ഡിവിഷന്റെ സമര്‍പ്പണം ചീഫ് വിപ്പ് കെ. രാജന്‍ നിര്‍വഹിച്ചു.

പറവട്ടാനിയില്‍ വെറ്ററിനറി കോംപ്ലക്‌സ് നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എം. ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ഒ.ജി. സുരജ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എന്‍. ഉഷാറാണി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി.ടി. ജയ എന്നിവര്‍ പങ്കെടുത്തു.

Similar News