കൊടുങ്ങല്ലൂരിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രം മുസിരിസ് പൈതൃക പദ്ധതി കണ്‍വെന്‍ഷന്‍ സെന്ററില്‍
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതി കണ്‍വെന്‍ഷന്‍ സെന്റര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രമാണിത്. പുല്ലൂറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ കെട്ടിടസമുച്ചയം മാസങ്ങള്‍ക്കു മുമ്പ് തന്നെ രോഗികളെ ചികിത്സിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളുമുള്‍പ്പടെ നഗരസഭ തയ്യാറാക്കിയിരുന്നു. കേന്ദ്രത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാനും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി വി റോഷ് കണ്‍വീനറുമായുള്ള ഒരു മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
ജില്ലയിലെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം പുനരാരംഭിച്ചതിനെ തുടര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ചികിത്സാകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കേണ്ടി വന്നതിനാലാണ് ഈ കേന്ദ്രം അടിയന്തരമായി പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടേക്കാവശ്യമായ ഡോക്ടര്‍മാരെയും അമ്പതോളം സ്റ്റാഫിനെയും നിയമിച്ചുകഴിഞ്ഞു. അവര്‍ക്ക് താമസ സൗകര്യവും കേന്ദ്രത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് മുസിരിസ് കണ്‍വെന്‍ഷന്‍ സെന്ററിലുള്ളത്. സ്ത്രീകളായ രോഗികളെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കുക. ആദ്യഘട്ടത്തില്‍ കുറച്ച് രോഗികളെ മാത്രം പ്രവേശിപ്പിച്ച് ക്രമേണ കൂടുതല്‍ രോഗികളെ
ഇവിടേയ്ക്ക് മാറ്റുവാനാണ് തീരുമാനം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മുസിരിസ് പ്രോജക്റ്റ് മാനേജിങ് ഡയറക്ടറുടെ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഭക്ഷണം ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവും നഗരസഭയാണ് വഹിക്കുക. വാട്ടര്‍ ഫില്‍റ്റര്‍, ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ സന്നദ്ധ സംഘടനകളും മറ്റും സ്‌പോണ്‍സര്‍ ചെയ്തു കഴിഞ്ഞു.
പുല്ലൂറ്റ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതോടെ നിലവില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികളെ ഇങ്ങോട്ടേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ എന്നിവര്‍ നിവേദനം നല്‍കിയിട്ടുണ്ട്. പ്രതിദിനം 1800 രോഗികള്‍ സന്ദര്‍ശിക്കുന്ന കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചതോടെ പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് താലൂക്കാശുപത്രിയിലെ കോവിഡ് രോഗികളെ ഇവിടേക്ക് മാറ്റി കൊടുങ്ങല്ലൂരില്‍ ഒ പിയും ഐ പി യും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ്, ഡോ ഗായത്രി വിജയരാഘവന്‍, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.