കൊടുങ്ങല്ലൂര്‍: സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയും ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കയാക്കിങ് ഇവന്റ് 'മുസിരിസ് പാഡില്‍' ഫെബ്രുവരി 12, 13 തീയതികളില്‍ നടക്കും. ഇവന്റിന്റെ
ലോഗോ പ്രകാശനം ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നിവഹിച്ചു.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുസിരിസ് വാട്ടര്‍ഫ്രണ്ട് മുതല്‍ എറണാകുളം ബോള്‍ഗാട്ടി പാലസ് വരെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയായാണ് കയാക്കിങ് നടത്തുന്നത്. 12ന് രാവിലെ 8 മണിക്ക് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉച്ചയോടെ ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തില്‍ എത്തിച്ചേരും തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് കെടാമംഗലം ശ്രവണം ഗ്രീന്‍സില്‍ അവസാനിക്കും. പിറ്റേ ദിവസം രാവിലെ 8 ന് കെടാമംഗലത്ത് നിന്നും ആരംഭിച്ച് നെടുമങ്ങാട് വൈപ്പിന്‍ വഴി ബോള്‍ഗാട്ടി പാലസില്‍ സമാപിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇവന്റ് നടക്കുക. രാഷ്ട്രീയ സാമൂഹിക സിനിമ രംഗത്തെ പ്രമുഖര്‍ ഇവന്റില്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി കയാക്ക് ഉള്ളവര്‍ക്ക് 6490 രൂപയും കയാക്ക് വേണ്ടവര്‍ക്ക് 9440 രൂപയുമാണ് ഫീസ്. ജനുവരി 18നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം പ്രത്യേക ഇളവും നല്‍കും. ഭക്ഷണം, താമസ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 9745507454 എന്ന നമ്പറില്‍ ഫോണ്‍ മുഖേനയും www.jellyfishwatersports.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ബുക്ക് ചെയ്യാം.
ലോഗോ പ്രകാശനച്ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ്, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ജെല്ലി ഫിഷ് സ്‌പോര്‍ട്‌സ് ഓപ്പറേഷന്‍സ് മാനേജര്‍ ടി പ്രസാദ്, ജനറല്‍ മാനേജര്‍ എ കെ ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.