തൃശൂര്‍: ആതിരപ്പിള്ളി െ്രെടബല്‍വാലി കാര്‍ഷിക പദ്ധതിയുടെ ഭാഗമായ ആതിരപ്പിള്ളി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ് തൃശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ചാലക്കുടി എം എല്‍ എ ബി ഡി ദേവസി അധ്യക്ഷനായി.
വിമാനത്താവളങ്ങളിലും, പ്രധാന ഷോപ്പിംഗ് മാളുകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക കിയോസ്‌കുകള്‍ ഒരുക്കുമെന്ന് ലോഞ്ചിങ് നിര്‍വഹിക്കവേ മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ പാക്കേജിങ് ആണ് നല്‍കിയിരിക്കുന്നത്. മണ്ണിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷിരീതി സ്വീകരിച്ചിരിക്കുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഏറെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ആതിരപ്പിള്ളി ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി ആദിവാസി വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായുള്ള പദ്ധതിയാണ്. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ കൃഷിയുടെ വ്യാപനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
വെള്ള, ചുവപ്പ് കുരുമുളക്, കുരുമുളകുപൊടി, കാപ്പിക്കുരു,റോസ്റ്റഡ് കാപ്പിക്കുരു, കാപ്പിപൊടി, മഞ്ഞക്കൂവ പൊടി, മഞ്ഞള്‍ പൊടി, കൊക്കോപ്പൊടി, ജാതിപത്രി, കുടംപുളി, ഇഞ്ചി, വന്‍ തേന്‍, കുറും തേന്‍, ചെറു തേന്‍, തെള്ളി, അടക്ക തുടങ്ങിയ 18 വിവിധ ഉല്‍പന്നങ്ങള്‍ ആണ് അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കുന്നത്. ഉത്കൃഷ്ടമായ ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്മാനിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഇവയുടെ ഗിഫ്റ്റ് ഹാംപറും ഒരുക്കിയിരിക്കുന്നു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്,കൃഷി വകുപ്പ്, യു എന്‍ ഡി പി,പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങിയവയുടെയും സഹകരണത്തോടെ 10 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് .
ആതിരപ്പള്ളി പഞ്ചായത്തിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം ആദിവാസികളാണ്. ഈ വിഭാഗത്തിലെ കര്‍ഷകര്‍ക്കും വനിതകള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും ഈ പദ്ധതി കൊണ്ട് ഏറെ പ്രയോജനം ലഭിക്കും. ഉല്‍പാദനം പൂര്‍ണമായും ജൈവരീതിയിലാണ്. കൂടാതെ പുറമെനിന്നുള്ള ഉല്പാദനോപാധികള്‍ ഒന്നും ഉപയോഗിക്കുന്നില്ല. ഓരോ ഊരിന്റെയും തനത് സവിഷേഷത നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണമായും പരമ്പരാഗത വിത്തിനങ്ങളും നടീല്‍ വസ്തുക്കളും ആണ് കൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട നാല് കോളനികളില്‍ വനിത ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പരമ്പരാഗത നടീല്‍ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന നഴ്‌സറികള്‍ സ്ഥാപിച്ചു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തൈകളാണ് ഓരോ കോളനിയിലും കൃഷിക്കായി ഉപയോഗിക്കുന്നത് .
എല്ലാ ഉല്‍പ്പന്നങ്ങളും സംഭരിച്ച് സംസ്‌കരിച്ച് മൂല്യവര്‍ദ്ധനം നടത്തുന്നതിനായി സെന്‍ട്രല്‍ പ്രോസസിംഗ് യൂണിറ്റ് നിര്‍മ്മാണപ്രവര്‍ത്തനം വെറ്റിലപ്പാറ പുരോഗമിച്ചുവരുന്നു .
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ചു. ട്രൈബല്‍ വാലി നോഡല്‍ ഓഫീസര്‍ എസ് എസ് സാലുമോന്‍ പദ്ധതി വിശദീകരിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണഠര് മഠത്തില്‍, ആതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
റിജേഷ് കെ കെ, ഊരു മൂപ്പന്‍ സന്തോഷ്, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ കെ വാസുകി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി കെഎസ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.