ആര്‍ടിപിസിആര്‍ പരിശോധന: സ്വകാര്യ ലാബുകള്‍ സഹകരിക്കണമെന്ന് കലക്ടര്‍

Update: 2021-04-17 11:14 GMT

തൃശൂര്‍: കൊവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ ആര്‍ടിപിസിആര്‍ പരിശോധന കൂടുതലായി നടത്താന്‍ തീരുമാനം. പരിശോധനകള്‍ കൂടുതലായി നടത്തുന്നതിന് സ്വകാര്യ ലാബുകളുടെ സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ആവശ്യപ്പെട്ടു. ആരോഗ്യ വിഭാഗം ജീവനക്കാര്‍, സ്വകാര്യ ലാബ് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനം.

പരിശോധനയും വാക്‌സിനേഷനുമാണ് പ്രതിരോധ മാര്‍ഗങ്ങള്‍. തൃശൂര്‍ പൂരം, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം എന്നിവ മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കൂടുതലായി നടത്താന്‍ സ്വകാര്യ ലാബുകള്‍ കൂടി സഹകരിക്കണം.

കൊവിഡ് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ട് പോകണം. രോഗവ്യാപനം മുമ്പത്തേക്കാള്‍ ഇരട്ടി വേഗത്തിലായതിനാല്‍ ഭീകരമായ അവസ്ഥ കുറക്കുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പരിശോധനകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിഎംഒ കെ ജെ റീന പറഞ്ഞു. ഉദ്യോഗസ്ഥര്‍, സ്വകാര്യ ലാബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Similar News