സ്വയം സുരക്ഷയോടൊപ്പം സമൂഹ സുരക്ഷയും ഉറപ്പുവരുത്തണം: വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

Update: 2021-04-19 12:38 GMT

മാള: സ്വയം സുരക്ഷിതരാവുന്നതിനൊപ്പം സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഒരോ വ്യക്തികളുടെ ഉത്തരവാദിത്വമാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ മാള, അന്നമനട, കൂഴുര്‍, പൊയ്യ, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മഹാമാരിയുടെ നിര്‍ണ്ണായക ഘട്ടത്തെ അതിജീവിക്കുന്നതിന് വേണ്ടി വളരെ ജാഗ്രതയോടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കണം. ആര്‍ആര്‍ടി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഈ മഹാമാരിയുടെ നിര്‍ണ്ണായക ഘട്ടത്തിലെ അപകടങ്ങളെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തി ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ വിജയിപ്പിക്കാനും സ്വയം സുരക്ഷിതരാവുക എന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഖുലേഖകള്‍ ഗ്രാമപഞ്ചായത്തുതലത്തില്‍ അച്ചടിച്ച് എല്ലാ വീടുകളിലേക്കും ഏപ്രില്‍ 25 നകം എത്തിക്കാനും ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ആരാധനാലയങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ബന്ധപ്പെട്ട ഉടമസ്ഥര്‍ ഉറപ്പാക്കാനും 10 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും പരമാവധി യാത്ര ഒഴിവാക്കുക, കുട്ടികളുടെ കളിസ്ഥലങ്ങളില്‍ ഒരു മാനദണ്ഡവും പാലിക്കാതെ കൂട്ടം കൂടി കളിക്കുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയോടുകൂടി ഒഴിവാക്കാനും കൂട്ടം കൂടാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും പോലീസിന്റെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍, കടകളിലെ ജീവനക്കാര്‍, ഓട്ടോ ടാക്‌സി െ്രെഡവര്‍മാര്‍ എന്നിവരെ എത്രയും വേഗം കോവിഡ് ടെസ്റ്റിന് വിധേയമാക്കാനുള്ള ക്യാമ്പയിന്‍ തയ്യാറാക്കാനും തീരുമാനിച്ചു. നിലവില്‍ ആശുപത്രികളിലെ വാക്‌സിന്‍ സ്‌റ്റോക്കിന് അനുസരിച്ച് വാര്‍ഡ് തലങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതിനും കൊവിഡ് ടെസ്റ്റുകള്‍ കൂട്ടി പരമാവധി പോസിറ്റീവ് കേസുകള്‍ കണ്ടെത്തി വ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്‍, കൂഴുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമാസ്, ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുല്‍നാഥ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍, മാള സി എച്ച് സി സൂപ്രണ്ട് ഡോ. ആശ സേവിയര്‍, ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മാള എസ് ഐ ദിനേശന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോള്‍ എടാട്ടുകാരന്‍ സ്വാഗതവും മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് നന്ദിയും പറഞ്ഞു.

Similar News