മാള(തൃശൂര്‍): അപ്രതീക്ഷിതമായി കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വലഞ്ഞു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയതായി അറിയിപ്പ് വന്നതിന്റെ പിന്നാലെ കലക്ടര്‍ ജില്ലയിലെ കുഴൂരടക്കമുള്ള നാല് ഗ്രാമപഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നു. അടുത്ത ദിവസം മുതല്‍ ഗ്രാമപഞ്ചായത്ത് മുഴുവനും 144 ലേക്ക് നീങ്ങി. വിഷുവിന്റെ തിരക്ക് കഴിഞ്ഞ് വെള്ളിയാഴ്ച്ച വൈകീട്ട് തിരിച്ചെത്തുമ്പോഴൊന്നും സാധാരണക്കാരന് അറിയാന്‍ കഴിഞ്ഞിരുന്നില്ല ഇങ്ങിനെയൊക്കെ വരുമെന്ന്. ശനിയാഴ്ച ഐരാണിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 32 പേരില്‍ നടന്ന കൊവിഡ് പരിശോധനയില്‍ 18 പേര്‍ക്ക് പോസിറ്റീവ് ആയതോടെയാണ് 144 പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ ആശങ്കക്കും ഭീതിക്കും അറുതി വരുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം നിലവില്‍ ഗ്രാമപഞ്ചായത്തില്‍ 61 പോസിറ്റീവ് കേസുകളാണുള്ളതെന്നും എല്ലാ വാര്‍ഡുകളിലും കൊവിഡ് രോഗികള്‍ ഉണ്ടെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുമുള്ള വിവരം. ഇത്രയും ദിവസം ആളുകളില്‍ ഭയമുണ്ടായിരുന്നില്ലെന്നും നിരോധനാഞ്ജ നിലവില്‍ വന്നതോടെ രോഗ ലക്ഷണങ്ങളുള്ളവര്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അവരില്‍ ഒന്‍പത് പേര്‍ക്ക് പോസിറ്റീവ് ആയെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അഞ്ചാം വാര്‍ഡില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടെന്നും ആരോഗ്യ വകുപ്പ് പറയുമ്പോള്‍ കൊവിഡ് രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടച്ചാല്‍ പോരേയെന്ന ചോദ്യമാണ് നാട്ടുകാരില്‍ നിന്നുമുള്ള ചോദ്യം.