ലോറി കയറി അഞ്ച് പേര്‍ മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി റിപോര്‍ട്ട്; വണ്ടിയോടിച്ചത് ക്ലീനര്‍
നാട്ടിക: തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി കയറി അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും പോലിസ് ചോദ്യം ചെയ്യുന്നു. ഇരുവരും മദ്യപിച്ചിരുന്നതായും റിപോര്‍ട്ട്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്ന അലക്‌സായിരുന്നു. ഇയാള്‍ക്ക് ലൈസന്‍സില്ല. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ അലക്‌സ് വാഹനം ഓടിക്കുകയായിരുന്നു.
ഇന്നു പുലര്‍ച്ചെ നാലേകാലോടെ വലിയ നിലവിളി കേട്ടാണ് നാട്ടുകാര്‍ നിര്‍മാണം നടക്കുന്ന ഹൈവേയിലേക്ക് ഓടിയെത്തിയതെന്ന് പോലിസ് പറഞ്ഞു. വാഹനം വരില്ലെന്ന് ഉറപ്പായിരുന്ന സ്ഥലത്ത് നാടോടി സംഘാംഗങ്ങള്‍ മരിച്ചു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ഞെട്ടി. മൃതദേഹങ്ങള്‍ റോ!ഡില്‍നിന്ന് വലിച്ചെടുക്കേണ്ട നിലയിലായിരുന്നു. പരുക്കേറ്റ് കിടന്നിരുന്ന ആറു പേരുടെ നിലയും അതീവ ഗുരുതരമായിരുന്നു. പലര്‍ക്കും അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു.
തൃപ്രയാര്‍ ഏകാദശി നടക്കുന്നതിനാല്‍ സമീപത്തെ ഗ്രൗണ്ടില്‍ പാര്‍ക്കിങ് അനുവദിച്ചിരുന്നു. ഇതോടെയാണ് നാടോടി സംഘം ഹൈവേയിലേക്ക് താമസം മാറിയത്. റോഡിലേക്ക് വാഹനം കയറാതിരിക്കാന്‍ ദിശാ സൂചനകളും അധികൃതര്‍ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ തെങ്ങിന്‍ തടികള്‍ വച്ചും കോണ്‍ക്രീറ്റ് ബാരിക്കേഡ് വച്ചും പ്രവേശനം തടയുകയും ചെയ്തിരുന്നു.