കുടുംബത്തോടൊപ്പം നോമ്പ് തുറക്കുന്നതിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: എസ്ഡിപിഐ
ആലപ്പുഴ: കുടുംബത്തോടൊപ്പം നോമ്പ് തുറക്കുന്നതിനിടെ എസ്ഡിപിഐ പ്രവര്‍ത്തകനെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ചേര്‍ത്തല പോലിസ് കസ്റ്റഡിയിലെടുത്തതില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്നലെ വൈകുന്നേരം വടുതലയിലെ വീട്ടില്‍ നോമ്പ് തുറന്ന് കൊണ്ടിരിക്കെ മഫ്തിയില്‍ എത്തിയ പോലിസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ അജ്മലിനെ കസ്റ്റഡിയില്‍ എടുത്തത്.യാതൊരു വിധ പൗരാവകാശങ്ങളും മാനിക്കാതെയാണ് ഭാര്യയുടെയും ഒരു വയസ്സ് പ്രായമായ മകളുടെയും മുന്നില്‍ നിന്നും അജ്മലിനെ പിടിച്ചിറക്കി കൊണ്ട് പോയത്.
വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ നിരപരാധികളായ നിരവധി പാര്‍ട്ടി പ്രവര്‍ത്തരെ പോലിസ് വേട്ടയാടുകയാണ്. ആര്‍എസ്എസ്സിന് ഒത്താശ ചെയ്യുന്ന പോലിസ് നടപടി ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും.
കലാപത്തിന് ശ്രമിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
പോലിസിന്റെ സംഘ്പരിവാര്‍ ദാസ്യത്തിനെതിരെ ജില്ല വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് എം എം താഹിര്‍,വൈസ് പ്രസിഡന്റ് എ ബി ഉണ്ണി,ജനറല്‍ സെക്രട്ടറി കെ റിയാസ്,സെക്രട്ടറി ഇബ്രാഹിം വണ്ടാനം, ട്രഷറര്‍ എം സാലിം, നാസര്‍ പഴയങ്ങാടി സംബന്ധിച്ചു.