ഫറോക്ക്: കുണ്ടായിത്തോട് വെള്ളില വയല്‍ സ്വദേശി ഫിറോസ് ഖാന്റെ മട്ടുപ്പാവില്‍ ആയിരത്തിലധികം അലങ്കാര എലികളാണ് കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലും ഓടിക്കളിച്ച് വളരുന്നത്. വെള്ള, കറുപ്പ്, ചന്ദന നിറം, തവിട്ട് നിറം, ചാരനിറം, തവിട്ട് കലര്‍ന്ന കറുപ്പ് തുടങ്ങി ഒമ്പത് തരത്തില്‍പ്പെട്ട എലി ഇനങ്ങളാണ് മട്ടുപ്പാവിലുള്ളത്.
ആവശ്യക്കാര്‍ക്ക് കൂടുകളോടെ എലികളെ ഈ യുവാവ് എത്തിച്ച് നല്‍കും. കൂടുകളില്‍ എലികള്‍ക്ക് കളിക്കാനുള്ള പ്രത്യേക കളിക്കോപ്പുകളും ഉണ്ടാവും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നല്‍കിയാണ് ഫിറോസ് ഖാന്‍ ഇവയെ പരിചരിക്കുന്നത്.
കൃഷിയില്‍ എന്നും വേറിട്ടരീതി പിന്തുടരുന്ന ഫിറോസ് ഖാന്റെ വീട്ടില്‍ കാട, കോഴി, താറാവ് കൃഷിയും ഉണ്ട്. ഇവകൂടാതെ പ്രത്യേക പാത്രങ്ങളില്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളെയും വളര്‍ത്തുന്നുണ്ട്. എലി പരിചരണത്തിന് ഫിറോസ് ഖാന്റെ കൂടെ ഭാര്യ ജസീലയും മക്കളും ഉണ്ട്. പച്ചക്കറിയും പഴങ്ങളും എലികള്‍ക്ക് വേണ്ടി മുറിച്ച് നല്‍കുന്നത് മക്കളായ ഷാഹുല്‍ ഖാനും ഷഹബാസ് ഖാനുമാണ്.
ആറ് വര്‍ഷംമുമ്പ് വിദേശത്തുനിന്നും മറ്റും സുഹൃത്തുക്കള്‍ കൊണ്ടുവന്ന അലങ്കാര എലികളെ ഫിറോസ് ഖാന്‍ ആദ്യം കൗതുകത്തിന് വളര്‍ത്തുകയായിരുന്നു. പിന്നീട് അലങ്കാര എലിക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.