തൃശൂർ: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു. ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിർവഹിച്ചു. വഴിതെറ്റുന്ന യുവത്വത്തിന്റെ കഥപറയുന്ന ദി വണ്‍ ലഹരിയുടെ ഉപയോഗംമൂലം തകരുന്ന ജീവിതങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിലൂടെ ജീവതം നഷ്ടപ്പെടുന്ന യുവജനങ്ങള്‍, എല്ലാം സ്വയം വരുത്തിവെയ്ക്കുന്നതാണെന്നും ചിത്രം ഓര്‍മിപ്പിക്കുന്നു. ലഹരി ഉപയോഗം ഒറ്റപ്പെടലിലേക്ക് ജീവതത്തെ നയിക്കുന്നതാണ് ദി വണ്‍ എന്ന പേരിലൂടെ അര്‍ത്ഥമാക്കുന്നത്.
പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നല്‍കുന്ന പുകയില വിരുദ്ധ സന്ദേശം പങ്കുവെച്ചാണ് അവസാനിക്കുന്നത്. യൂറ്റ്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വ ചിത്രത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെയും നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി ഡിഎംഒ ഡോ സതീഷ്.കെ എന്‍, ഡി പി എം ഡോ. ടി.വി സതീശൻ, ഡിസ്ട്രിക്റ്റ് ഹെൽത്ത് ഓഫീസർ (റൂറൽ) പി കെ രാജു, മാസ് മീഡിയ ഓഫീസര്‍ ഹരിത ദേവി, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.