തൃശൂര്‍: കാലവര്‍ഷം കനത്തതോടെ നിറഞ്ഞൊഴുകി മനം നിറയ്ക്കുകയാണ് ചാത്തന്‍ചിറ ഡാം. വടക്കാഞ്ചേരിയില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ ഈ ഡാം. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്രയാണ് ചാത്തന്‍ചിറയുടെ പ്രധാന ആകര്‍ഷണം. പ്രകൃതിയൊരുക്കുന്ന കാനനകാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവര്‍ മനസില്ലാ മനസോടെ മാത്രമേ ഇവിടന്ന് തിരികെ പോകൂ.
ചാത്തന്‍ചിറയുടെ ഇക്കോ ടുറിസം സാധ്യതകള്‍ അനന്തമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അകമല കാടുകളില്‍നിന്നുമുള്ള ശക്തമായ നീരൊഴുക്കാണ് ചാത്തന്‍ചിറ ഡാമിനെ നിലനിര്‍ത്തുന്നത്. കടുത്ത വേനലിലുംകാട്ടില്‍നിന്ന് നീരൊഴുക്കുണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൃഷിക്കായി നാട്ടുകാര്‍ ഭൂരിഭാഗവും ഈ ഡാമിനെ ആശ്രയിക്കുന്നു.
ഇരുനൂറോളം വര്‍ഷം മുന്‍പ് ശര്‍ക്കര, ചുണ്ണാമ്പ് മിശ്രിതങ്ങള്‍ ഉപയോഗിച്ചാണ് ഡാം നിര്‍മിച്ചിരിക്കുന്നത്. 2016 ല്‍ ആര്‍ ഐ ഡി എഫ് പദ്ധതി നിര്‍വഹണ വകുപ്പ് കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ
ഡാം നവീകരിച്ചിരുന്നു. ഡാമിലെ ചെളി വാരി നീക്കുകയും ആഴംകൂട്ടി ഇരുകരകളെയും വൃത്തിയാക്കിബലപ്പെടുത്തി പുതിയതായി വാല്‍വ് നിര്‍മിക്കുകയും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും നവീകരണത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്.
പത്ത് മീറ്ററോളം ഉയരവും നൂറ് മീറ്ററോളം വീതിയുമുള്ള ഡാമിന്റെ കെട്ടിന് നാലര ഏക്കറോളം വിസ്തൃതിയും ഉണ്ട്. വടക്കാഞ്ചേരി, എരുമപ്പെട്ടി പഞ്ചായത്തുകളിലെ പ്രധാന കൃഷിയിടങ്ങളെല്ലാം ചാത്തന്‍ചിറയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നെല്ല്, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷികള്‍. ചാത്തന്‍ചിറ ഡാമില്‍നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം കൊടുമ്പ്, കാഞ്ഞിരക്കോട് പാടശേഖരത്തിലൂടെ ഒഴുകി പള്ളിമണ്ണയില്‍ എത്തി വടക്കാഞ്ചേരി പുഴയെ ശക്തിപ്പെടുത്തുന്നു. പ്രാദേശിക ടൂറിസം പ്രാധാന്യമര്‍ഹിക്കുന്ന സമയത്ത് ചാത്തന്‍ ചിറ ഡാം പ്രദേശ വാസികള്‍ക്ക് മാത്രമല്ല ജില്ലയ്ക്ക് തന്നെ അഭിമാനമാണ്.