മാള: മാള മേഖലയില്‍ രാത്രി വീടുകളില്‍ നിന്ന് ജാതിക്ക മോഷണം നടത്തുന്ന മൂന്നുപേര്‍ അറസ്റ്റിലായി. പുത്തന്‍വേലിക്കര സ്വദേശികളായ വടക്കിലാന്‍ വീട്ടില്‍ ജോയല്‍ (21), കണ്ടംകേറി പൊക്കം വീട്ടില്‍ അരുണ്‍ (21), മടത്തുംപടി കോണാട്ട് വീട്ടില്‍ കരിമ്പായി എന്ന് വിളിക്കുന്ന ജിതേഷ് (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശി അറസ്റ്റ് ചെയ്തത്. പകല്‍ ബൈക്കില്‍ കറങ്ങി വീടുകള്‍ കണ്ടെത്തിയ ശേഷം രാത്രിയിലെത്തി കളവ് നടത്തിവരികയായിരുന്നു ഇവര്‍. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മോഷണം നടത്തുന്നതിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജോയലിനെ കുഴൂരില്‍ നിന്നും അരുണിനെ ചാലക്കുടിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇവര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുള്ളതായി സൂചനയുണ്ട്. ചെറുപ്പത്തില്‍ തന്നെ മദ്യത്തിന് അടിമയായ പ്രതികള്‍ രാത്രിയില്‍ കറങ്ങി നടന്ന് മോഷണം നടത്തി ഒഴിഞ്ഞ സ്ഥലങ്ങളിലും മോട്ടോര്‍ ഷെഡ്ഡുകളിലും ആണ് കഴിഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങളായി ഇവര്‍ ഒളിവിലായിരുന്നു. മാള എസ് ഐ മധു, എ എസ് ഐ മാരായ ഒ എച്ച് ബിജു, സുധാകരന്‍, റോയ് പൗലോസ്, സീനിയര്‍ സി പി ഒമാരായ മിഥുന്‍ ആര്‍ കൃഷ്ണ, ജിബിന്‍ ജോസഫ്, കെ എസ് ഉമേഷ്, ഇ എസ് ജീവന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.