സമ്പൂര്‍ണ വാക്‌സിനേഷന്‍; ദേശീയ അംഗീകാരത്തിനരികില്‍ വയനാട് ജില്ല

Update: 2021-08-13 11:01 GMT

കല്‍പറ്റ: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ജില്ലയെന്ന നേട്ടത്തിനരികില്‍ വയനാട് ജില്ല. പ്രഖ്യാപനത്തിന് മുന്നോടിയായി 14, 15 തിയ്യതികളില്‍ കൊവിഡ് വാക്‌സിനേഷന്‍ മെഗാ ഡ്രൈവ് ജില്ലയില്‍ നടക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസത്തിലായി ഒരു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയില്‍ ഇതുവരെ 5,72,950 പേരാണ് ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,02,022 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നത്. 100ല്‍ പരം ക്യാമ്പുകളാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്‌സുമാര്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ്, ആര്‍.ആര്‍.ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പു വരുത്തും.

മെഗാ വാക്‌സിനേഷന്‍ ഡ്രൈവിനോടൊപ്പം അതിഥി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി സ്‌പെഷ്യല്‍ ക്യാംപുകളും നടത്തുന്നുണ്ട്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍, മാന്തവാടി ന്യൂമാന്‍സ് കോളേജ് എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ ക്യാമ്പ്. മാനന്തവാടിയില്‍ നടക്കുന്ന ക്യാമ്പില്‍ അതിഥി തൊഴിലാളികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.

Similar News