ടൂറിസം സാധ്യതകള്‍; ഗുരുവായൂര്‍ ആനക്കോട്ടയും ചക്കംകണ്ടം കായലും മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

Update: 2021-08-15 01:09 GMT

ഗുരുവായൂര്‍: വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്താനുള്ള പര്യടനത്തിന്റെ ഭാഗമായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ ആനക്കോട്ട, ചക്കംകണ്ടം കായല്‍ എന്നിവിടങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. കേരളത്തിലെ ടൂറിസം സ്‌പോട്ടുകള്‍ ലോകത്തെ അറിയിക്കുകയാണ് ടൂറിസം വകുപ്പിന്റെ മുന്നോട്ടുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം, ചികിത്സാ രീതികള്‍ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം വകുപ്പ് ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസുമായി മന്ത്രി ചര്‍ച്ച ചെയ്തു. ആനകളുടെ മദപ്പാടിനും ചികിത്സയ്ക്കുമായി ഒരു ചികിത്സാലയം വേണമെന്ന ആവശ്യം എന്‍ കെ അക്ബര്‍ എം എല്‍ എ മുന്നോട്ട് വെച്ചു. കാര്യങ്ങള്‍ വിശദമായി പഠിച്ച് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.

ചക്കംകണ്ടം സന്ദര്‍ശനത്തില്‍ നഗരസഭ നല്‍കുന്ന കായല്‍ ടൂറിസം പദ്ധതികള്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ചക്കംകണ്ടം കായല്‍, ചാവക്കാട് കടല്‍, ആനക്കോട്ട എന്നിവയൊക്കെ ഒന്നിച്ചു കിടക്കുന്ന ഭൂപ്രദേശമായതിനാല്‍ ടൂറിസത്തിനുള്ള അനന്ത സാധ്യതകള്‍ ഗുരുവായൂരില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എംഎല്‍എമാരായ എന്‍ കെ അക്ബര്‍, മുരളി പെരുന്നെല്ലി, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരി, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍, പി ടി കുഞ്ഞിമുഹമ്മദ് എന്നിവരും മന്ത്രിയ്‌ക്കൊപ്പം സന്നിഹിതരായിരുന്നു.

Similar News