പ്രളയം: കുറാഞ്ചേരി ദുരന്തത്തിന്റെ മൂന്നാം വര്‍ഷത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നാട്

Update: 2021-08-16 14:49 GMT

തൃശൂര്‍: 2018ലെ പ്രളയത്തില്‍ കുറാഞ്ചേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നാട്. ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കുറാഞ്ചേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി.

19 പേരാണ് കുറാഞ്ചേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടത്. 2018 ഓഗസ്റ്റ് 16ന് രാവിലെ 6.50ന് കുറാഞ്ചേരി കുന്നിടിഞ്ഞ് അഞ്ച് വീടുകള്‍ മണ്ണില്‍ മൂടി. സംസ്ഥാന പാതയോരത്തെ ബസ്‌റ്റോപ്പും തകര്‍ത്ത് റെയില്‍പാളത്തില്‍ വരെ മണ്ണെത്തി. ദുരന്തം നടന്ന് ആറാം ദിവസമാണ് കുറാഞ്ചേരി വഴി സംസ്ഥാനപാതയിലൂടെ ഗതാഗതം പുനരാരംഭിച്ചത്. മണ്ണിനടിയില്‍ പെട്ടവരില്‍ 12 പേരുടെ മൃതദേഹം ആദ്യദിവസത്തെ തിരച്ചിലിലും ആറുപേരുടേത് രണ്ടാം ദിവസവും ഒരാളുടേത് നാലാം ദിവസവുമാണ് ലഭിച്ചത്. ദുരന്തത്തില്‍ രണ്ട് കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതെയായി. തകര്‍ന്ന വീടുകളില്‍ ഒന്നില്‍ ഒരാളും മറ്റൊരു കുടുംബത്തില്‍ നാലു പേരും മാത്രം അവശേഷിച്ചു.

മച്ചാട്‌വടക്കാഞ്ചേരി വനം റെയ്ഞ്ചുകളുടെ പരിധിയില്‍ 20 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലില്‍ ആകെ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുറാഞ്ചേരിയിലെ 19 പേര്‍ക്ക് പുറമേ ഏക്കര്‍കണക്കിന് സ്ഥലത്ത് മണ്ണ് വന്നടിഞ്ഞ കാഞ്ഞിരശ്ശേരിയില്‍ ഒരാളും കൊറ്റമ്പത്തൂരില്‍ നാലു പേരും മണ്ണിടിച്ചിലില്‍ മരിച്ചു. മിക്കയിടത്തും തേക്ക് ഉള്‍പ്പെടെ കടപുഴകി. മാനുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസമേഖലയാണ് മണ്ണിടിച്ചിലുണ്ടായ വനമേഖല. അനുസ്മരണ പരിപാടിയില്‍

വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

Similar News