ഏത് ദുരിതത്തിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാകും: മന്ത്രി കെ രാജന്‍

Update: 2021-08-18 05:11 GMT

തൃശൂര്‍: ഏത് ദുരിതത്തിലും കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമെന്ന് റവന്യൂമന്ത്രി കെ രാജന്‍.

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണ സമൃദ്ധി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിപണി വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. അവ 30 ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്.

നാടന്‍ പച്ചക്കറികള്‍, നേന്ത്രക്കായ, ചെറുകായ, മത്തന്‍, കുമ്പളം, പാവല്‍ ചേന, പയര്‍, ഇഞ്ചി, വെള്ളരി, മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, പപ്പടം, വിവിധയിനം അച്ചാറുകള്‍, പുളിയഞ്ചി, വിവിധയിനം കൊണ്ടാട്ടം, പായസം കിറ്റ്, വെളിച്ചെണ്ണ തുടങ്ങിയവ ഓണചന്തയില്‍ വില്‍പനക്കായി ഒരുക്കിയിട്ടുണ്ട്.

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് മണ്ണുത്തി മഹാത്മാ സ്‌ക്വയറില്‍ ഒല്ലൂക്കര കൃഷി സമൃദ്ധി നടത്തുന്ന ഓണചന്തയും ഗര്‍ഹിക വിതരണവും ആഗസ്ത് 20ന് സമാപിക്കും. വിഷരഹിത പച്ചക്കറി വീടുകളില്‍ എത്തിക്കുന്നതിനായി 9895066153 എന്ന നമ്പറില്‍ വിളിച്ച് ഓര്‍ഡര്‍ നല്‍കാം.

മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായ ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി എസ് സത്യ വര്‍മ്മ, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News