സോഫ്റ്റ് ടെന്നീസ്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം കാത്ത് കായിക താരങ്ങള്‍
കോഴിക്കോട്: കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെയും, സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും, ആള്‍ ഇന്ത്യ യൂനിവേഴ്‌സിറ്റിയുടെയും അംഗീകാരമുള്ള സോഫ്റ്റ് ടെന്നീസിന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ലഭിക്കുന്നതും കാത്ത് കായിക താരങ്ങള്‍. ദേശീയ ഫെഡറേഷന്റെ അംഗീകാരത്തോടെ 2008 മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന അസോസിയേഷന് കീഴില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പുകള്‍ നടത്തുകയും ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കേരള ടീമുകളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. ഏഷ്യന്‍ ഗെയിംസ് മത്സര ഇനമായ സോഫ്റ്റ് ടെന്നീസിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ഇല്ലാത്തത് കൊണ്ട് ദേശീയ സ്‌കൂള്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല.
കായിക താരങ്ങള്‍ക്ക് ദേശീയ സംസ്ഥാന ചാംപ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഉപകാരപ്പെടുകയും ചെയ്യുന്നില്ല. കേരളത്തിലെ എല്ലാ ജില്ലകളിലെയും നിരവധി വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന സോഫ്റ്റ് ടെന്നീസിന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
മുജീബ് താനാളൂര്‍ അധ്യക്ഷത വഹിച്ചു. കെ. പി. യു. അലി, ടി എം അബ്ദുറഹിമാന്‍, കെ എം ബല്ലാല്‍, ഷുക്കൂര്‍ ഇല്ലത്ത്, വി പി പവിത്രന്‍, എസ് ശിവ ഷണ്മുഖന്‍, ഷാജി ജോസ്, എം പി മുഹമ്മദ് ഇസ്ഹാഖ്, ഇ ഗീതാദേവി, ബോബി സി ജോസഫ് എന്നിവര്‍ സംസാരിച്ചു. സോഫ്റ്റ് ടെന്നീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി ഷഫീഖ് സ്വാഗതവും സി ടി ഇല്‍യാസ് നന്ദിയും പറഞ്ഞു.