മന്ത്രിയുടെ നേതൃത്വത്തില്‍ ഐഎന്‍എല്‍ രഹസ്യയോഗം; പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
മാള (തൃശൂര്‍): ഐഎന്‍എല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ രഹസ്യയോഗം നടത്തിയതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ തൃശൂരില്‍ എത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അറിഞ്ഞില്ല. ജില്ലാ നിയോജക മണ്ഡലം ഭാരവാഹികള്‍ അറിയാതെയാണ് മന്ത്രി തൃശൂര്‍ ബിഷപ്പ് പാലസ് റോഡിലെ ഐഎന്‍എല്‍ ഓഫിസില്‍ എത്തിയത്. കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഗുരുവായൂര്‍, പുതുക്കാട്, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലം ഭാരവാഹികളുള്‍പ്പെടെയുള്ളവരെ മന്ത്രിയുടെ സന്ദര്‍ശനം അറിയിച്ചിരുന്നില്ല.
ഒറ്റക്കെട്ടായി പാര്‍ട്ടിയില്‍ തുടരണമെന്ന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കുമ്പോഴും മന്ത്രിയുള്‍പ്പെടെ വിഭാഗീയത വളര്‍ത്തുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. മന്ത്രി തൃശൂരില്‍ എത്തിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പല പ്രവര്‍ത്തകരും അറിഞ്ഞത്. തുടര്‍ന്ന് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇത്തരത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വിഭാഗീയത വളര്‍ത്തുന്നത് വേദനാജനകമാണെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഭരണസംവിധാനത്തിന്റെ ഭാഗമായി ലഭിക്കേണ്ട പല സ്ഥാനങ്ങളില്‍ നിന്നും ഐ എന്‍ എല്‍ പിന്തള്ളപ്പെട്ടതിന് പ്രധാന കാരണം പാര്‍ട്ടിയിലെ വിഭാഗീയത ആണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ജില്ലാ സെക്രട്ടറിമാരായ സാലി സജീര്‍, പി എം നൗഷാദ്, നാഷണല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീര്‍ കുന്നത്തേരി, ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സാബു സുല്‍ത്താന്‍, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കുരിശിങ്കല്‍, ജനറല്‍ സെക്രട്ടറി റിയാസ് മാള, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ജംഷീര്‍ അലി, ജനറല്‍ സെക്രട്ടറി നസ്‌റുദ്ദീന്‍ മജീദ്, ഷറഫുദ്ദീന്‍ ഗുരുവായൂര്‍, മനോജ് ഹുസൈന്‍ ചാലക്കുടി, അന്‍വര്‍ ചാപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.