തൃശൂര്‍: ചക്കംകണ്ടം പ്രദേശത്ത് കായല്‍ ടൂറിസം നടപ്പിലാക്കാന്‍ പിന്തുണ നല്‍കുമെന്നും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും റവന്യൂമന്ത്രി കെ രാജന്‍. ഗുരുവായൂരിലെ ചക്കംകണ്ടം കായല്‍ കടവില്‍ നടന്ന കൗണ്‍സിലര്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായല്‍ ടൂറിസത്തിന്റെ ആധുനിക സാധ്യതകളെകുറിച്ച് പഠിക്കേണ്ടതുണ്ടെന്നും ഗുരുവായൂരിന്റെ വ്യത്യസ്ത മുഖമായി ചക്കംകണ്ടം മാറുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂര്‍ നഗരസഭ ചക്കംകണ്ടം വാര്‍ഡ് തല വികസനസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊവിഡ് പ്രതിസന്ധികളും ഓണ്‍ലൈന്‍ പഠനത്തിന്റെ പരിമിതികളും തരണം ചെയ്ത് വിജയിച്ച 45 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.ഗുരുവായൂര്‍ നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ചക്കംകണ്ടം പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറുമായ
എ എം ഷെഫീറിന്റെ പേരിലാണ് കൗണ്‍സിലര്‍ അവാര്‍ഡ് നല്‍കിയത്. അറിവുകളുടെ പുതിയ ലോകത്തേക്കുള്ള കാല്‍വയ്പ്പിന് മുന്നോടിയായി ഏതെല്ലാം കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കി. കൊടുങ്ങല്ലൂര്‍ ജി വി എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകനായ എന്‍ സി പ്രശാന്താണ് ക്ലാസ് നയിച്ചത്. കൂടാതെ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും മറ്റ് അടിയന്തര അവശ്യങ്ങളിലും വാര്‍ഡിനോടൊപ്പം നിന്ന് ജനസേവനത്തിന് സഹായിച്ച വാര്‍ഡിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ എം പി അനീഷ്മ, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി എസ് ജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.