വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വാക്കി ടോക്കി കണ്ടെത്തിയ സംഭവം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2021-08-29 02:34 GMT

പാലക്കാട്: വിജിലന്‍സ് പരിശോധനയില്‍ വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാട്ടാമ്പി സബ് ആര്‍ടിഒ ഓഫിസിലെ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ യു. ബിജുകുമാര്‍, അസി. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരായ പൊന്നാനി സബ് ആര്‍ടിഒ ഓഫിസിലെ പി സി അരുണ്‍കുമാര്‍, കൊടുങ്ങല്ലൂര്‍ സബ് ഓഫീസിലെ ഫിറോസ് ബിന്‍ ഇസ്മായില്‍, വടക്കാഞ്ചേരി സബ് ഓഫീസിലെ എം എസ് ഷബീറലി എന്നിവരയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ആഗസ്റ്റ് 13നാണ് വാളയാര്‍ ആര്‍ടിഒ ചെക്ക്‌പോസ്റ്റില്‍ നിന്ന് വാക്കി ടോക്കിയും 4000 രൂപയും പിടിച്ചെടുത്തത്. ജൂലായ് 27ന് വിജിലന്‍സ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 1.71 ലക്ഷം രൂപ പിടികൂടിയിരുന്നു. ഈ സമയത്തും ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് ജോലിയില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നാലു പേരെ സസ്‌പെന്‍ഡ് ചെയ്തത്.തൃശൂര്‍ മധ്യമേഖല ഡെപ്യൂട്ടി കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കൈകൂലി ഇടപാടിന് ഏജന്റുമാരുമായി ആശയ വിനിമയം നടത്താനാണ് ഉദ്യോഗസ്ഥര്‍ വാക്കി ടോക്കി ഉപയോഗിച്ചതെന്നു റിപ്പോട്ടില്‍ പറയുന്നു. ഓപ്പറേഷന്‍ ഭ്രഷ്ട് നിര്‍മൂലന്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.

Similar News