തൃശൂര്‍: കണ്ടല്‍വനങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണവും ഗവേഷണപഠനവും ഇനി പെരുങ്ങാടിന്റെ തീരത്ത്. ഭൂമിശാസ്ത്രപരമായി ജില്ലയിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രമായി മാറുകയാണ് തിരുനെല്ലൂര്‍ പെരുങ്ങാട് പ്രദേശത്തെ കണ്ടല്‍വനങ്ങള്‍. ഇതിന്റെ ഭാഗമായി സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കണ്ടല്‍വന സംരക്ഷണവും ഗവേഷണ പഠനങ്ങളും നടക്കുന്നുണ്ട്. കണ്ടല്‍വന സംരക്ഷണം സംബന്ധിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം.
കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുന്‍ വനംവകുപ്പ് മന്ത്രി കെ രാജു കഴിഞ്ഞ ഫെബ്രുവരിയില്‍ ചേറ്റുവപെരിങ്ങാട് കണ്ടല്‍ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിച്ചിരുന്നു. പാവറട്ടി പഞ്ചായത്ത് പരിധിയിലെ എട്ടാം വാര്‍ഡില്‍ വരുന്ന 234.18 ഏക്കര്‍ റവന്യൂഭൂമിയാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. ഇതിനോട് ചേര്‍ന്ന് ചേറ്റുവ ഭാഗത്തുള്ള 8.30 ഏക്കര്‍ റവന്യൂഭൂമിയുടെ പ്രഖ്യാപനവും നടന്നിരുന്നു.
ഗവേഷണ പഠനത്തിന്റെ ഭാഗമായി തൃശൂര്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെഎഫ്ആര്‍ഐ), കാര്‍ഷിക സര്‍വ്വകലാശാല, സംസ്ഥാനത്തെ വിവിധ കോളേജുകള്‍, അന്യസംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, വിദേശീയര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ തിരുനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ജൈവ വൈവിധ്യ നിരീക്ഷണ കേന്ദ്രത്തില്‍ പഠനങ്ങള്‍ നടന്നുവരികയാണ്.
ഗവേഷണ പഠനത്തിന് വേണ്ട പ്രത്യേക ടവറുകളും കണ്ടല്‍വനങ്ങള്‍ അടുത്തുകണ്ട് മനസ്സിലാക്കുന്നതിനുള്ള പാതകളും പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കും.
ജില്ലാ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനൊപ്പം തദ്ദേശവാസികള്‍ക്ക് കൂടുതല്‍ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും സന്ദര്‍ശകരില്‍ പരിസ്ഥിതി വിജ്ഞാനം വളര്‍ത്താനും സഹായിക്കും. പരമ്പരാഗത മത്സ്യബന്ധനം, കയര്‍ വ്യവസായം തുടങ്ങിയ മേഖലകളെയും ഇതിലൂടെ ഉയര്‍ത്തിക്കൊണ്ട് വരാനാകും. കയര്‍ വ്യവസായത്തിന്റെ ഉന്നമനത്തിനായി കേന്ദ്ര കയര്‍ ബോര്‍ഡ് പ്രൈംമിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കയര്‍പിരിപരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 180 ഓളം സ്ത്രീകള്‍ക്കാണ് 6000 രൂപ സ്‌റ്റൈപ്പെന്റോട് കൂടി പരിശീലനം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കുടില്‍ വ്യവസായ യൂനിറ്റുകള്‍ തുടങ്ങുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചാവക്കാട് ചേറ്റുവ കടലോര മേഖലകളുമായി അധികദൂരം വ്യത്യാസമില്ലാതെ സ്ഥിതിചെയ്യുന്ന പെരിങ്ങാട് പുഴയും തണ്ണീര്‍ത്തടവും ഈ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.