ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും പ്ലസ്ടു തുല്യതാ പരീക്ഷ പാസായി സാബിറ

Update: 2021-09-16 13:03 GMT

തൃശൂര്‍: ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ജില്ലാ പഞ്ചായത്ത് അംഗം സാബിറ പി.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ 2021 ജൂലൈയില്‍ നടത്തിയ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയിലാണ് ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍ നഗര്‍ ഡിവിഷന്‍ അംഗം മികവുറ്റ വിജയം സ്വന്തമാക്കിയത്.

2018-20 ല്‍ വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ബാച്ചില്‍ ചേര്‍ന്ന് പഠനം ആരംഭിച്ച സാബിറ രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടന്ന സമ്പര്‍ക്ക പഠനക്ലാസ്സില്‍ മുടങ്ങാതെ പങ്കെടുത്ത് 2019 ല്‍ നടന്ന ഒന്നാം വര്‍ഷ പരീക്ഷയില്‍ നല്ല സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി 2020 ല്‍ നടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയും വിജയിക്കുകയും ചെയ്തതോടെ പഠനത്തിന്റെ താളം തെറ്റി.

അതിനിടെ, കൊവിഡിനെ തുടര്‍ന്ന് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആയതോടെ സമയം കണ്ടെത്തി അവ കേള്‍ക്കാനും പഠിക്കാനും ശ്രമിച്ചു. 2021 ജനുവരി മുതല്‍ ഓഫ്‌ലൈനായി നടന്ന ക്ലാസ്സുകളില്‍ സ്ഥിരമായി ഹാജരാകുവാന്‍ ജനപ്രതിനിധിയുടെ ചുമതല കൂടി വന്നതിനാല്‍ സാധിച്ചില്ലെങ്കിലും അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയോടെ രണ്ടാം വര്‍ഷ പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്കിരിക്കുകയായിരുന്നു. അതില്‍ നല്ല രീതിയില്‍ വിജയിക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ സാബിറ മെമ്പര്‍.

2005 ലാണ് സാബിറ പത്താം ക്ലാസ് വിജയിച്ചത്. പ്ലസ് ടു പഠന മോഹം ഉള്ളിലുണ്ടായിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ പഠനം പാതിവഴിയിലായി. അന്ന് ആഗ്രഹിച്ച പ്ലസ് ടു പഠനം സാക്ഷരതാമിഷന്‍ വഴി 2018 ല്‍ പുനരാരംഭിച്ചപ്പോള്‍ പലരും തന്നെ പിന്തിരിപ്പിച്ചിരുന്നതായി സാബിറ ഓര്‍ക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ് 13 വര്‍ഷം കഴിഞ്ഞ് ഇനിയെന്ത് പ്ലസ്ടു എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ പ്ലസ്ടു വിജയിക്കുകയെന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത സാബിറ അതൊന്നും കാര്യമാക്കിയില്ല. ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് പ്ലസ്ടു പരീക്ഷയില്‍ വിജയം കൈവരിച്ചപ്പോള്‍ അന്ന് നിരുത്സാഹപ്പെടുത്തിയവര്‍ ഇന്ന് അഭിനന്ദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാബിറ പറഞ്ഞു. ഡിഗ്രി പഠനമാണ് സാബിറയുടെ അടുത്ത ലക്ഷ്യം. ആ ലക്ഷ്യം നേടാനുള്ള ആത്മവിശ്വാസം തന്നെയാണ് സാബിറയുടെ കൈമുതലും.

Similar News