സമ്പൂര്‍ണ ആരോഗ്യത്തിനായി സൈക്കിള്‍ സവാരി ശീലമാക്കുക: ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍
ജിദ്ദ: മാനസികവും ശാരീരികവുമായ പൂര്‍ണ്ണ ആരോഗ്യത്തിന് സൈക്കില്‍ സവാരി ശീലമാക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു
ഐപിഡബ്ലിയുഎഫ് (ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ ഫെയര്‍ ഫോറം) സൈക്ലിംഗ് ക്ലബ് ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പഠന കാലത്ത് എല്ലാ ദിവസവും ആറ് കിലോ മീറ്റര്‍ ദൂരം സൈക്കിളില്‍ സഞ്ചരിച്ചതിന്റെ ഓര്‍മ്മകള്‍ സദസില്‍ പങ്കുവെച്ചു. അന്ന് ശരീരത്തിനും മനസ്സിനും ലഭിച്ച ഗുണകരമായ ഊര്‍ജ്ജത്തെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഐ പി ഡബ്ലിയു എഫ് സൈക്ലിംഗ് ക്ലബ്. ഇന്ത്യ സൗദി നയതന്ത്ര ബന്ധത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സൗദിയിലെ ഇന്ത്യന്‍ എമ്പസിയും ജിദ്ദ കോണ്‍സുലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ആസാദി കി അമൃത്' എന്ന പരിപാടിയുടെ ഭാഗമായി ഐ പി ഡബ്ലിയു എഫ് സൈക്ലിംഗ് ക്ലബ് 'സൈക്ലോത്തൊന്‍' എന്ന പേരില്‍ സൈക്കിള്‍ സവാരി സംഘടിപ്പിച്ചിരുന്നു. സൗദി ദേശീയദിനത്തില്‍ ജിദ്ദയില്‍ സൈക്ലോത്തോണിന്റെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കാരായ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'സൈക്ലോത്തൊന്‍' സൈക്കിള്‍ സവാരിയില്‍ പങ്കെടുത്ത് ലക്ഷ്യം പൂര്‍ത്തീകരിച്ച് വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആധുനിക കാല ഘട്ടത്തില്‍ സൈക്കിള്‍ സവാരിയുടെ പ്രധാന്യം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഐ പി ഡബ്ലിയു എഫ് സൈക്കിള്‍ ക്ലബിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് അയ്യൂബ് ഹക്കീം പറഞ്ഞു.
വൈസ് കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍, കോണ്‍സുല്‍ മാലതി ഗുപ്ത, ഡോ ഷക്കീല ഖാതൂം, ഡോ അഹമ്മദ് ആലുങ്ങല്‍, മാസ്റ്റര്‍ ജാവേദ്, മിസ് ജുവേരിയ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ട്രഷറര്‍ ഹാഫിസ് ഫര്‍ഹാന്‍ അബ്ദു റബ്ബിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടി കോഡിനേറ്റര്‍മാരായ അബ്ദുറഹ്മാന്‍, ലിയാഖത്ത് കോട്ട തുടങ്ങിയവര്‍ നിയന്ത്രിച്ചു. ലേഡി കോഡിനേറ്റര്‍ അഫ്രീന്‍ നന്ദി പറഞ്ഞു.
വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരും സംഘാടകരും കോണ്‍സുല്‍ ജനറലും കേക്ക് മുറിച്ചും, സൈക്കിള്‍ ചവിട്ടിയും, വര്‍ണ്ണങ്ങള്‍ വിതറിയും ആഘോഷത്തിന്റെ ഭാഗമായി.